റമദാൻ വിപണി; പൈനാപ്പിൾ വില കുതിക്കുന്നു
text_fieldsപൈനാപ്പിൾ ലോഡ് വാഹനത്തിൽ കയറ്റുന്നു
മൂവാറ്റുപുഴ: ഉൽപാദനകുറവിന് പുറമെ ഡിമാൻഡ് കൂടി വർധിച്ചതോടെ പൈനാപ്പിൾ വില കുതിക്കുന്നു. റമദാനിൽ പൈനാപ്പിളിന് ആവശ്യക്കാർ ഏറിയതോടെ വില റെക്കോർഡ് തൊടുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. 2016ലാണ് പൈനാപ്പിളിന് ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ വില ലഭിച്ചിരുന്നത്. 76.50 രൂപയായിരുന്നു അന്ന് വില. ഇത്തവണ 80ൽ എത്തുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. പഴത്തിന് 64 രൂപയായിരുന്നു വ്യാഴാഴ്ച വാഴക്കുളം മാർക്കറ്റിലെ വില. പച്ചക്ക് 54 ഉം. സ്പെഷൽ ഗ്രേഡ് പച്ചയുടെ വില 56 രൂപയുമാണ്.
റമദാൻ തുടക്കത്തിനു മുമ്പേ ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നൊഴികെ സ്ഥലങ്ങളിൽ നിന്ന് വൻഓർഡറാണ് ലഭിക്കുന്നത്. പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാർ ഏറെ എത്തുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ഉൽപന്നം ഇല്ലാത്തത് കർഷകരെയും വ്യാപാരികളെയും കുഴക്കുകയാണ്.
കാലാവസ്ഥ വ്യതിയാനമാണ് ഉൽപാദനം കുറയാൻ കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പാകമാകാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തു. റമദാൻ വിപണി മുന്നിൽ കണ്ട് കർഷകർ നേരത്തെ തന്നെ കൃഷി ഇറക്കിയിരുന്നെങ്കിലും ഇവ പഴുക്കാൻ താമസം വന്നു. ഇതിനു പുറമെ കൃഷി ഉണക്ക് മൂലം നശിച്ചതും വിനയായി.
ദിനേന നൂറുകണക്കിന് ടൺ പൈനാപ്പിളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി പോകുന്നത്. നാല് വർഷം മുമ്പ് പ്രളയവും കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം കിലോഗ്രാമിന് ഏഴു രൂപ വരെയായി കുറഞ്ഞ പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ വെട്ടിയെടുക്കാൻ പോലും ആളില്ലാതെ പഴുത്ത് ചീഞ്ഞ് നശിച്ചു. എന്നാൽ അനുകൂല സാഹചര്യം വന്നപ്പോൾ കാലാവസ്ഥ വ്യതിയാനം വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

