പ്ലൈവുഡ് കമ്പനിയുടെ മതിൽ തകർന്ന സംഭവം; അപകടാവസ്ഥയിലായ വീടുകൾ കമ്പനി ഏറ്റെടുക്കും
text_fieldsമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വാരിക്കാട്ട് കവലയിൽ നിർമാണത്തിലിരിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ മതിൽ തകർന്നു സമീപത്തെ വീടുകൾ അപകടാവസ്ഥയിലായ സംഭവത്തിൽ നടപടികളുമായി പഞ്ചായത്ത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. കമ്പനിയുടെ മതിലിനോട് ചേർന്നുള്ള മൂന്നു കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുപ്പിക്കുന്നതിന് ധാരണയായി.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് 50 അടി ഉയരത്തിൽ കെട്ടിയ കൂറ്റൻ മതിൽ തകർന്നുവീണത്. 150 ഓളം മീറ്റർ നീളത്തിലുള്ള മതിലിന്റെ ഒരു ഭാഗം മഴയിൽ തകർന്ന് കരിങ്കല്ലും മണ്ണും ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. പ്ലൈവുഡ് കമ്പനിയോട് ചേർന്നു താഴെ സ്ഥിതി ചെയ്യുന്ന വാരിക്കാട്ട് സലീമിന്റെ വീടിന്റെ വർക്ക് ഏരിയയുടെ മുകളിലാണ് കല്ലും മണ്ണും പതിച്ചത്. ഈ സമയം സലീമിനെ ഭാര്യ അടുക്കളയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അധികൃതരോട് സ്ഥലം ഉടമകൾ തങ്ങളുടെ അവസ്ഥ വിവരിച്ചു. ഇതോടെ വീട്ടുടമകളെയും കമ്പനി അധികൃതരെയും കൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് അപകട ഭീഷണിനേരിടുന്ന മൂന്നു വീടുകൾ ഏറ്റെടുക്കാൻ ധാരണയായത്. ഇതനുസരിച്ച് സലീമിന്റെ വീട് കമ്പനി വിലക്ക് വാങ്ങും. മറ്റ് വീടുകൾ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടത്താമെന്നും തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വർക്കി, പഞ്ചായത്ത് എൻജിനീയർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഒരു വർഷം മുമ്പും ഇവിടെ കല്ലും മണ്ണും ഇടിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇത്തവണ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പ്രശ്നത്തിന് തീരുമാനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

