മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ പിടികൂടി
text_fieldsസാഗർ മൊല്ല, ദിബാകർ മണ്ഡൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. വിൽപനക്കായി കൊണ്ടുവന്ന 14 കിലോ കഞ്ചാവ് പിടികൂടി . രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
തൃക്കളത്തൂർ പേഴയ്ക്കാപ്പിള്ളി മേഖലകളിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ പിന്തുടർന്ന് തൃക്കളത്തൂർ പള്ളിത്താഴത്ത് കസ്റ്റഡിയിലെടുത്തു. ബംഗാളിൽ നിന്ന് ട്രയിനിൽ ആലുവയിൽ എത്തിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി തൃക്കളത്തൂർക്ക് കടന്നത്. കിലോക്ക് ആയിരം രൂപയ്ക്ക് അവിടെ നിന്ന് കഞ്ചാവ് വാങ്ങി 25000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ മാസം ആലുവയിൽ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറൽ പൊലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്. മുളവൂർ ഭാഗത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് തിങ്കളാഴ്ച ഒരുകിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

