‘വോട്ട് ചോദിച്ച് ഇങ്ങോട്ട് വേരണ്ട ’എസ് വളവ് ലക്ഷംവീട് നിവാസികൾ വോട്ട് ബഹിഷ്കരിക്കുന്നു
text_fieldsവോട്ടു ചോദിച്ചു വരണ്ടന്നു കാണിച്ച് ലക്ഷംവീട് നിവാസികൾ സ്ഥാപിച്ച ബോർഡ്
മൂവാറ്റുപുഴ: എസ് വളവ് ലക്ഷം വീട് നഗറിലെ വീടുകൾ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണത്തിന് ഒരുങ്ങി നാട്ടുകാർ. പായിപ്ര ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ എസ്. വളവിനു സമീപമുള്ള ലക്ഷംവീട് നഗർ നിവാസികളാണ് വീടുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.40 വർഷം മുമ്പ് നിർമിച്ച ലക്ഷം വീടുകൾ ശോചനീയ അവസ്ഥയിലാണ്. തകർച്ച ഭീഷണി നേരിടുന്ന ഇവ അറ്റകുറ്റപ്പണികൾ നടത്തി വാസയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നഗറിലെ വോട്ടർമാർ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതിനുമുന്നോടിയായി പഞ്ചായത്തിലും നഗറിലെ പ്രധാന റോഡുകളിലും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.
40 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒരു വീട്ടിൽ രണ്ട് കുടുംബങ്ങൾ എന്ന നിലയിലാണ് ഇപ്പോൾ താമസിച്ചു വരുന്നത്. പലരും ഭീമമായ വാടകക്ക് മറ്റ് സ്ഥലങ്ങളിൽ താമസവും മാറി. കഴുക്കോലുകൾ തകർന്ന് മേൽക്കൂര നിലം പതിക്കുന്ന സ്ഥിതിയിലാണ്. ഭിത്തികൾ വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. ശുചിമുറിയുടെ അവസ്ഥയും മോശമാണ്. ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളാണ് മിക്കവയും.
മൂന്നേക്കർ 10 സെൻറ് സ്ഥലമാണ് ഈ നഗർ സ്ഥിതിചെയ്യുന്നത്. ഒരാൾക്ക് നാല് സെൻറ് സ്ഥലമാണ് നൽകിയിരുന്നത്.ഓരോരുത്തർക്കും വേറെ വേറെ വീടുകൾ വേണമെന്ന ആവശ്യമാണ് ഇവർ അധികാരികളോട് ഉന്നയിച്ചിട്ടുള്ളത്. പലരും വാഗ്ദാനങ്ങൾ നൽകി പോയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.പെൺകുട്ടികളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതിനോ, ഇവിടെ നിന്ന് വിവാഹം കഴിച്ച് അയക്കുന്നതിനോ വീടുകളുടെ ശോചനീയാവസ്ഥ മുലം കഴിയുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.
പലരുടെയും വീടുകൾ തകർന്നു വീണ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ സ്വന്തം നിലയിൽ പണമുണ്ടാക്കി നന്നാക്കികോളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇത്രയും കാലത്തിനിടെ 25000 രൂപ മാത്രമാണ് വീടുകൾ നവീകരിക്കുന്നതിനായി അധികൃതർ നൽകിയത്.
പലരും വാഹനങ്ങളും സ്വർണാഭരണങ്ങളും വിറ്റു വരെ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. വോട്ട് ചോദിച്ച് ഒരു മുന്നണിയുടെ സ്ഥാനാർഥികളും പ്രവർത്തകരും ഇങ്ങോട്ട് വരേണ്ട എന്ന കർശന നിലപാടാണ് ഇവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

