മൂവാറ്റുപുഴ നഗരത്തിൽ അനധികൃത അറവുശാലകൾ പെരുകുന്നെന്ന്
text_fieldsമൂവാറ്റുപുഴ നഗരത്തിൽ അടച്ചുപൂട്ടിയ അറവുശാല
മൂവാറ്റുപുഴ: നഗരത്തിൽ അനധികൃത അറവുശാലകൾ പെരുകുന്നുവെന്ന പരാതിയുമായി മുനിസിപ്പൽ കൗൺസിലർ. നഗരസഭയുടെ കീഴിലെ ആധുനിക അറവുശാല അടച്ചുപൂട്ടിയശേഷം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത അറവുശാലകൾ പെരുകിയത് ജനജീവിതം ദുഃസ്സഹമാക്കുന്നുവെന്ന് ആരോപിച്ചാണ് നഗരസഭ കൗൺസിലർ ജിനു ആന്‍റണി മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കോടികൾ ചെലവഴിച്ച മൂവാറ്റുപുഴയിലെ ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ഇതിനുശേഷം നഗരത്തിൽ ഒരിടത്തും അറവുശാലകൾക്ക് നഗരസഭ ലൈസൻസ് നൽകിയിട്ടില്ല. എന്നാൽ നഗരത്തിൽ പല സ്ഥലങ്ങളിലും അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നുണ്ട്. മൂവാറ്റുപുഴ-പിറവം റോഡിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കട നാട്ടുകാർക്ക് ദുരിതമാകുന്നത് ചൂണ്ടിക്കാണിച്ചാണ് ജിനു ആന്‍റണി പരാതി നൽകിയത്. ലൈസൻസില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
രാത്രികാലങ്ങളിൽ അറവുമാലിന്യങ്ങൾ പുറത്തേക്ക് തള്ളുന്നതുമൂലം പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷമാണ്. രക്തവും മറ്റ് അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലേക്ക് ഒഴുകി ദുർഗന്ധം വമിക്കുന്നതിനോടൊപ്പം പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നതായാണ് പരാതി. അറവുശാലകളുടെ പ്രവർത്തനത്തിന് ഹൈകോടതിയുടെ കർശനമായ ഉത്തരവുകൾ നിലനിൽക്കെയാണ് ജനവാസ മേഖലയിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട നഗരസഭ ഉദ്യോഗസ്ഥർ കാര്യമറിഞ്ഞിട്ടും കണ്ണടക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

