അനധികൃത പാർക്കിങ്ങും വൺവെ തെറ്റിക്കലും; കാവുങ്കരയിലെ ഗതാഗതക്കുരുക്കിൽ രോഗിയുമായി വന്ന ആംബുലൻസും
text_fieldsrepresentational image
മൂവാറ്റുപുഴ: കാവുങ്കര മേഖലയിലെ ഗതാഗതക്കുരുക്കിൽ രോഗിയുമായി എത്തിയ ആംബുലൻസും കുടുങ്ങി. 10 മിനിറ്റോളം കാത്തിരുന്നിട്ടും കുരുക്ക് നീങ്ങാത്തതിനെത്തുടർന്ന് ആംബുലൻസ് തിരികെ ബൈപാസ് റോഡുവഴി പോയി. ശനിയാഴ്ച ഉച്ചക്ക് പള്ളിക്കവലക്ക് സമീപമായിരുന്നു സംഭവം. കോതമംഗലം ഭാഗത്തുനിന്ന് വന്ന ആംബുലൻസാണ് ഗതാഗതക്കുരുക്കിൽപെട്ടത്.
മാർക്കറ്റ് റോഡിൽ ഇരുഭാഗത്തും ലോറികൾ നിർത്തിയുള്ള കയറ്റിറക്കും അനധികൃത പാർക്കിങ്ങും വൺവെ തെറ്റിച്ച വാഹനങ്ങളുടെ വരവുമാണ് ഗതാഗതക്കുരുക്കിന് കാരണം. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൺവെ ജങ്ഷനിൽനിന്ന് തിരിഞ്ഞ് റോട്ടറി റോഡ്-, മാർക്കറ്റ് ബസ് സ്റ്റാൻഡ്, എവറസ്റ്റ് കവല വഴി നഗരത്തിൽ പ്രവേശിക്കണമെന്നാണ് നിർദേശമെങ്കിലും ഇത് പാലിക്കാതെ വാഹനങ്ങൾ കീച്ചേരിപ്പടി, മാർക്കറ്റ് റോഡ് വഴി ടൗണിലേക്കെത്തുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണം.
റോഡിനിരുവശവും നിരനിരയായി ലോറികൾ നിർത്തി ചരക്ക് കയറ്റിറക്ക് നടത്തിയതിനുപുറമെ മറ്റ് ചെറുവാഹനങ്ങളും നിരത്തിയിടുകയും ചെയ്തതോടെ ഇതുവഴി ഒരു വാഹനത്തിന് മാത്രം കടന്നുപോകാനേ കഴിയുമായിരുന്നുള്ളൂ. ഇതിനിടെ, ഇരു ഭാഗത്തുനിന്നും വാഹനങ്ങളും എത്തിയതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.
ഇതിനിടെയാണ് ആംബുലൻസ് എത്തിയത്. ആംബുലൻസ് കടത്തിവിടാൻ ചുമട്ടുതൊഴിലാളികൾ അടക്കം ശ്രമിെച്ചങ്കിലും വാഹനങ്ങൾ നിരന്നതിനാൽ കഴിഞ്ഞില്ല.