വീട് കയറി മോഷണം: തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നാടോടി സ്ത്രീ ആക്രമിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsമൂവാറ്റുപുഴ: കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂവാറ്റുപുഴ കടാതിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കടാതി നടുക്കുടിയിൽ എൻ.എൻ.ബിജുവിെൻറ മകൾ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്ക് കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ക്ലാസിനിടെ ശബ്ദം കേട്ട് അമ്മയുടെ മുറിയിൽ എത്തിയപ്പോൾ ആണ് അലമാര തുറന്ന് പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വർണാഭരണം വച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു. ഭയന്നു പോയ പെൺകുട്ടി ഇവരിൽ നിന്ന് ആഭരണവും പഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചതോടെയാണ് ഇരുവിരലുകൾ ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തിൽ ഇവർ കുത്തി വീഴ്ത്തിയത്.
താഴെ വീണു പോയ പെൺകുട്ടി നിലത്തു കിടന്ന വടി എടുത്ത് ഇവരെ അടിക്കാൻ ശ്രമിച്ചങ്കിലും, കൃഷ്ണയുടെ കാലിൽ പിടിത്തമിട്ട് വീഴിക്കുകയായിരുന്നു. തുടർന്ന് ആഭരണ പെട്ടി ഉപേക്ഷിച്ച് ഇവർ രക്ഷപെടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ചു. എന്നാൽ സംഘത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. മോഷണം നടത്തുന്നതിനു മുൻപ് തന്നെ ഇവർ വീട്ടിൽ പലവട്ടം എത്തിയിരുന്നുവെന്ന സൂചനയാണ് പൊലീസിനു വീട്ടുകാരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിൽ മോഷണം നടന്ന വീട്ടിലെ പുറത്തെ പൈപ്പിൽ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. ഞായറാഴ്ച വാടകയ്ക്കു കൊടുത്തിരുന്ന വീടിെൻറ രണ്ടാം നിലയിലെ പ്രധാന വാതിൽ പുറത്തു നിന്നു പൂട്ടിയ നിലയിൽ കണ്ടിരുന്നു. എന്നാൽ വീട്ടിലുള്ള അംഗങ്ങളാരും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. മോഷണം നടക്കുന്നതിനു രണ്ടു ദിവസം മുൻപ് മാരുതി ഓംനി വാനിൽ സംശയകരമായ സാഹചര്യത്തിൽ ചിലർ കാർപെറ്റ് വിൽപന എന്ന പേരിൽ എത്തിയിരുന്നെന്നും കാർപെറ്റ് ആവശ്യമില്ലെന്നു പറഞ്ഞിട്ടും ഇവർ പോയില്ലെന്നും വീട്ടുകാർ പറയുന്നു.