വെള്ളത്തിന് വലിയ വില കൊടുേക്കണ്ടി വരും
text_fieldsമൂവാറ്റുപുഴ നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകുന്നു
മൂവാറ്റുപുഴ: അറ്റകുറ്റപ്പണി തീർത്തതിനു പിന്നാലെ നഗരത്തിലെ കീച്ചേരിപ്പടി-നിരപ്പ് റോഡിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി. സിവിൽ സപ്ലൈ ഗോഡൗണിന് സമീപമാണ് വൻ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടിയത്. രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇതോടെ നഗരത്തിലെ വടക്ക് കിഴക്കൻ മേഖലയിൽ മൂന്നാം ദിവസവും കുടിവെള്ളം വിതരണം മുടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൈപ്പ് പൊട്ടിയത്. ഇത് ശനിയാഴ്ച രാത്രിയോടെ നന്നാക്കി വെള്ളം തുറന്നു വിട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം വീണ്ടും പൊട്ടുകയായിരുന്നു. വെള്ളൂർക്കുന്നം ടാങ്കിൽനിന്ന് കീച്ചേരിപ്പടി, നിരപ്പ്, ആസാദ് റോഡ്, പെരുമറ്റം, ഇലാഹിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന പൈപ്പാണ് വൻ ശബ്ദത്തോടെ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം റോഡിൽ ഒഴുകിയത്. ഇതോടെ ഈ മേഖലകളിലേക്കുള്ള ജലവിതരണം വീണ്ടും താറുമാറായി.
രാത്രി മുഴുവൻ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴികിപ്പോയത്. ഞായറാഴ്ച രാവിലെ എട്ടോടെ വിവരമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥർ പൈപ്പ് ലൈൻ പൂട്ടി. ഞായറാഴ്ചയായതിനാൽ അറ്റകുറ്റപ്പണി നടന്നില്ല. ഇനി പണി തീർത്ത് ചൊവ്വാഴ്ചയോടെയേ വെള്ളം വിതരണം നടക്കൂ. ഇതിനിടെ കാവുംപടിയിൽ പൊട്ടിയ പൈപ്പ് ശനിയാഴ്ച നന്നാക്കി ജലവിതരണം പുനരാരംഭിച്ചു.

