മൂവാറ്റുപുഴ: എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നടക്കം പിടികൂടി. പേഴക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗൺ, മാർക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽപനക്കായി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവും 590ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയത്.
പേഴക്കാപ്പിള്ളി കവലയിൽ നിന്നാണ് ഇവ പിടികൂടിയത്. കഞ്ചാവും ബ്രൗൺ ഷുഗറും വിൽപനക്കായി കൊണ്ടുവന്ന തൊഴിലാളിയായ അസം സ്വദേശി മെയ്‌ദുൽ ഇസ്ലാമിനെ(29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സനിലിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഓഫിസിലെ ഷാഡോ ടീം പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഷാഡോ ടീം അംഗങ്ങളായ സിവിൽ എക്‌സൈസ് ഓഫിസർമാരായ സുധീർ മുഹമ്മദ്, പി.ബി. മാഹിൻ, ജിതിൻ ഗോപിയും പ്രവന്‍റിവ് ഓഫിസർമാരായ എം.യു. സാജുവും സാജൻ പോളും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.