അപകടക്കെണി: സ്കൂൾ മതിലിന്റെ അവശിഷ്ടങ്ങൾ റോഡരികിൽ തന്നെ
text_fieldsമൂവാറ്റുപുഴ: കനത്ത മഴയിൽ ഫുട്പാത്തിലേക്ക് ഇടിഞ്ഞുവീണ സ്കൂൾ മതിലിന്റെ അവശിഷ്ടങ്ങൾ റോഡരികിൽനിന്ന് നീക്കം ചെയ്യാത്തത് അപകടം സൃഷ്ടിക്കുന്നു.
നഗരമധ്യത്തിലെ നെഹ്റു പാർക്കിൽ എം.സി റോഡിന്റെ അരികിലാണ് ഫുട്പാത്തിൽ കാൽനടക്കാർക്ക് ദുരിതംവിതച്ച് മതിലിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അപകടാവസ്ഥയിലായ ടൗൺ യു.പി സ്കൂൾ മതിലിന്റെ ബാക്കിഭാഗം കൂടി തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഫുട്പാത്തിൽ പ്ലാസ്റ്റിക് വള്ളികൾ കെട്ടിത്തിരിച്ചിരിക്കുന്നതിനാൽ റോഡിൽ കൂടിയാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്.
ഇത് അപകടങ്ങൾ വർധിപ്പിക്കാനേ ഇടയാക്കൂ. ഈ ഭാഗത്ത് റോഡിന് വീതികുറവായതിനാൽ കാൽനടക്കാർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് സ്കൂൾ മതിൽ തകർന്നത്. സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ബി.ആർ.സി കെട്ടിടത്തോട് ചേർന്ന മതിലാണ് തകർന്നത്.

