36,000 മെട്രിക് ടൺ മണ്ണെടുക്കാൻ മൂന്ന് മാസത്തേക്ക് അനുമതി; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി
text_fieldsമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ എല്ലുപൊടി കമ്പനി റോഡ് ഭാഗത്ത് 36,000 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യുന്നതിന് മൂന്ന് മാസത്തേക്ക് അനുമതി നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. ഗ്രീൻ പീപ്ൾ ചീഫ് കോഓഡിനേറ്റർ അസീസ് കുന്നപ്പിള്ളിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പരാതി നൽകിയത്.
മണ്ണെടുപ്പിന് അനുമതി നൽകുന്നതിന് മുമ്പ് യഥാർഥ സ്ഥലപരിശോധന നടത്തിയിട്ടുണ്ടോ, അനുവദിച്ച അളവ് ശാസ്ത്രീയമായും നിയമാനുസൃതമായും നിർണയിച്ചിട്ടുണ്ടോ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് എൻജിനീയർ, വില്ലേജ് ഓഫിസർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നൽകിയ റിപ്പോർട്ടുകളുടെയും ശിപാർശകളുടെയും അടിസ്ഥാനമെന്താണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
സ്ഥലപരിശോധന റിപ്പോർട്ട്, സ്കെച്ച്, ഫോട്ടോകൾ, ജി.പി.എസ് വിവരങ്ങൾ, അളവെടുപ്പ് രേഖകൾ, പെർമിറ്റ്, ഫയൽ, നോട്ട് ഫയൽ രേഖകൾ, ഇ-പാസ്, റോയൽറ്റി പണമടച്ച രേഖകൾ എന്നിവ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മണ്ണെടുപ്പിനൊപ്പം പാറപൊട്ടിക്കൽ നടക്കുന്നതായും ഇതുമൂലം സമീപത്തെ വീടുകൾക്കും റോഡിനും അപകടസാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ചാലിൽ അഡ്വ. സി.എൻ. പ്രകാശിന്റെ വീടിന്റെ ഭിത്തിയിൽ വിള്ളലുണ്ടായെന്ന പരാതിയും ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലശ്ശേരി മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭൂഘടനയുടെ സ്ഥിരത, വലിയ ടോറസ് ലോറികളുടെ ഗതാഗതംമൂലം പഞ്ചായത്ത് റോഡിനും സമീപവാസികൾക്കും ഉണ്ടാകുന്ന അപകടസാധ്യത, കലുങ്കിന് ഉണ്ടായതായി പറയുന്ന കേടുപാടുകൾ തുടങ്ങിയവയും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇതിന് പുറമെ, നേരത്തെ ഇതേ പ്രദേശത്തെ മണ്ണെടുപ്പിനെതിരെ പരാതി ഉയർന്നിരുന്നുവെന്നും മണ്ണെടുപ്പ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നുവെന്നുമുള്ള വിവരങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
അനുമതിയിൽ അനുവദിച്ചതിനേക്കാൾ അധികമായി മണ്ണ് നീക്കം ചെയ്തിട്ടുണ്ടോ എന്ന് സ്വതന്ത്ര സർവേയും അളവെടുപ്പും നടത്തി പരിശോധിക്കണമെന്നും, ക്രമക്കേടോ അധികാരദുരുപയോഗമോ അനധികൃത സാമ്പത്തിക ഇടപാടുകളോ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും അസീസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

