പൂവിളിക്കാഴ്ചയുമായി ചെണ്ടുമല്ലിപ്പാടം
text_fieldsമൂവാറ്റുപുഴ : ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നയനമനോഹര കാഴ്ചയൊരുക്കി ചെണ്ടുമല്ലിപ്പാടം സഞ്ചാരികളെ മാടിവിളിക്കുന്നു. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടം കാണാൻ തിരക്കേറിയിട്ടുണ്ട്. ആവോലി പഞ്ചായത്തിലെ ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നിലെ അരയേക്കറിൽ സ്ഥിതിചെയ്യുന്ന ചെണ്ടുമല്ലി പാടമാണ് വർണ്ണ കാഴ്ചകളൊരുക്കുന്നത്.
ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നിൽ കാടുകയറി മാലിന്യം നിറഞ്ഞു കിടന്ന തരിശുഭൂമിയിൽ പൂ കൃഷി ചെയ്തത് ആവോലി ഗ്രാമപഞ്ചായത്ത് അംഗം വി.എസ്. ഷെഫാന്റെ നേതൃത്വത്തിലാണ്. കൃഷിഭവന്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായം ലഭിച്ചു. തൃശൂരിൽ നിന്നെത്തിയ ചെണ്ടുമല്ലി വിത്ത് വിതച്ച് കൃഷി ഇറക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നവർക്കടക്കം മികച്ച കാഴ്ചാനുഭവമാണ് ചെണ്ടുമല്ലിപ്പാടം നൽകുന്നത്. കൃഷിയിറക്കി രണ്ടുമാസത്തിനകം പൂക്കൾ വിരിഞ്ഞു. ഓണത്തിന് പൂക്കളം ഒരുക്കാൻ തമിഴ്നാട്ടിൽ നിന്നും മറ്റും എത്തുന്ന പൂക്കളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കി കുറച്ചുപേർക്കെങ്കിലും ആവശ്യത്തിന് പൂക്കൾ നൽകാൻ ഈ പൂപ്പാടത്തിനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.