'മലയാള സിനിമയെ രക്ഷിക്കാൻ ടെലഗ്രാം ആപ്പ് നിയന്ത്രിക്കണം'; കലാകാരന്‍റെ കാൽനട യാത്ര തുടങ്ങി
text_fieldsസുമേഷ് മൂവാറ്റുപുഴയിൽ നിന്നും കാൽനടയാത്ര ആരംഭിച്ചപ്പോൾ
മൂവാറ്റുപുഴ: മലയാള സിനിമയെ രക്ഷിക്കാൻ ടെലഗ്രാം പോലുള്ള ആപ്പുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കലാകാരൻ സുമേഷ് ഗുഡ്ലക്ക് മൂവാറ്റുപുഴ മുതൽ തിരുവനന്തപുരം വരെ കാൽനട പ്രക്ഷോഭ യാത്ര ആരംഭിച്ചു.
മൂവാറ്റുപുഴ നെഹ്‌റു പാർക്കിൽ നിന്നാരംഭിച്ച യാത്ര മൂവാറ്റുപുഴ നഗരസഭ കലാ-കായിക-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഷോർട്ട്ഫിലിം ഡയറക്ടർമാരായ സനൂപ് മാറാടി,സിജു പുതിയേടത്ത്,സംസ്ഥാന അവാർഡ് ജേതാവായ ക്യാമറമാൻ സന്ദീപ് മാറാടി എന്നിവർ പങ്കെടുത്തു.
സിനിമാ സംഘടനകളായ അമ്മ, ഫെഫ്ക, മാക്ട, കെ.എഫ്.പി.എ. തുടങ്ങിയ സംഘടനകൾ ഇതിനായി മുന്നിട്ടിറങ്ങണമെന്നും, കേന്ദ്ര - കേരള സർക്കാറുകൾ സിനിമ മേഖലയെ നശിപ്പിക്കുന്ന ഇത്തരം ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കാൽനട പ്രതിഷേധയാത്ര.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും റിലീസാകുന്ന ചെറിയ ബജറ്റ് സിനിമകളെയാണ് ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ടോറന്‍റ് നിരോധിച്ചത് പോലെ ടെലഗ്രാം നിയന്ത്രിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചാണ് കാൽനട പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്.