മൂവാറ്റുപുഴ-തേനി റോഡിൽ അപകടം പെരുകുന്നു
text_fieldsമൂവാറ്റുപുഴ - തേനി റോഡ്
മൂവാറ്റുപുഴ: ബി.എം ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയായ മൂവാറ്റുപുഴ-തേനി റോഡിൽ അപകടം പെരുകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ എട്ട് പേരാണ് മരിച്ചത്. ഒരുവർഷത്തിനിടെ നൂറിലധികം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അറുപതോളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. എനാനല്ലൂർ കുഴുമ്പി താഴത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു പേർ മരിച്ചത്. ഇതിനു മുൻപ് പെരുന്നാൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ഇടിച്ച് ഭർത്താവ് മരിച്ചിരുന്നു. മൂന്നുമാസം മുമ്പ് കല്ലൂർക്കാട് കോട്ട കവലയിൽ അപകടത്തിൽ 11 വയസ്സുകാരൻ മരിച്ചിരുന്നു. സഹോദരിക്ക് ഒപ്പം കളർ പെൻസിൽ വാങ്ങാൻ പോയി മടങ്ങുന്നതിനിടെ പിക് അപ് വാൻ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. രണ്ടാർ കോട്ടപ്പുറം കവലയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് രണ്ടാൾ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം മറ്റൊരു അപകടത്തിൽ യുവാവിനും പരിക്കേറ്റു.
ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയായ റോഡിന്റെ നിർമാണത്തിലെ അപാകതകളാണ് അപകടങ്ങൾ തുടർക്കഥയായാകാൻ കാരണം. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 85 കോടി രൂപ ചെലവഴിച്ചാണ് മൂവാറ്റുപുഴ- തേനി റോഡിന്റെ നിർമാണം നടത്തിയത്. ശരാശരി ഒരുകി.മീ. റോഡിന് സർക്കാർ ചെലവഴിച്ചത് 350 ലക്ഷം രൂപയാണ്. കഴിഞ്ഞ സർക്കാരിന്റെ ഭരണ കാലയളവിൽ തയാറാക്കിയ ഡി.പി.ആറിൽ അനാവശ്യമായ ഭേദഗതികൾ വരുത്തി പദ്ധതി നടപ്പാക്കിയതാണ് വാഹനാപകടങ്ങൾ പെരുകിയതിന് മുഖ്യ കാരണം. വളവുകൾ നിവർത്താത്തതും അപകടം വർധിപ്പിച്ചു. കുന്നുകൾ താഴ്ത്തി റോഡ് നിർമി ക്കാത്തത് മൂലം യാത്രക്കാർക്ക് എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത സ്ഥിതിയാണുള്ളത്. അപകടം തുടർകഥയായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

