Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ്: അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

text_fields
bookmark_border
കരാര്‍ കമ്പനിയുടെ സാമ്പത്തിക ഭദ്രത പരിശോധിച്ചില്ലെന്നും സാമ്പത്തിക ഇടപാടുകളിൽ വീഴ്ചയെന്നും റിപ്പോർട്ട്
മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്ലാറ്റ്: അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
cancel
camera_alt

മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് (ഫയൽ ചിത്രം)

കൊച്ചി: നിർമാണത്തിലെ അപാകതകളും സുരക്ഷാപ്രശ്നങ്ങളും മൂലം വിവാദത്തിലായ മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയൃ നിർമാണത്തിലുണ്ടായ ക്രമക്കേടുകളും കള്ളക്കളികളും അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോർട്ട്. നിർമാണരീതി, കരാറുകാരെ നിശ്ചയിക്കൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയിലെല്ലാം ക്രമക്കേടുകൾ നടന്നുവെന്നാണ് ജി.സി.ഡി.എയുടെ ഓഡിറ്റ് ഓഫിസർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ചോർച്ച വലിയ വീഴ്ച

മുണ്ടംവേലിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സിമന്റ് പാളികൾ അടർന്നു വീഴുന്നതും മഴക്കാലത്ത് ചോർന്നൊലിക്കുന്നതും വലിയ വീഴ്ചയായി ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. ഡെക്ക് ഷീറ്റും കോൺക്രീറ്റും തമ്മിലുള്ള ജോയിന്റുകളിലെ അപാകത കാരണം വെള്ളം ചോരുന്നുവെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വ്യക്തമായിട്ടുണ്ട്.

ചോർച്ച പരിഹരിക്കുന്നതിനായി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ടിലുണ്ട്. ആദ്യം സിക്ക ഉപയോഗിക്കാനും പിന്നീട് ഷേഡ് നൽകൽ, പിന്നീട് ഫൈബർ വാട്ടർപ്രൂഫിംഗ് എന്നിങ്ങനെ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ബിൽഡിങ് ഡിസൈനിലെ അപാകതയാണ് ചോർച്ചക്കു കാരണമെന്ന് നിർമാണ കരാറുകാരായ ടി.ഡി.എൽ.സി.സി.എസ് പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകൾ ദുരൂഹം

ജി.സി.ഡി.എ ചെയർമാന്റെ നിർദേശപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഇസാഫ് ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ച് 2.44 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി നൽകിയതുവഴി ജി.സി.ഡി.എയ്ക്ക് വൻ പലിശ നഷ്ടം സംഭവിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ നിർദേശം മറികടന്നാണിത്. കൂടാതെ അക്രഡിറ്റഡ് ഏജൻസി എന്നതിനു പകരം ടി.ഡി.എൽ.സി.സി.എസിനെ നിർമാണ ഏജൻസി എന്നാക്കി മാറ്റിയെഴുതി. അക്രഡിറ്റഡ് ഏജൻസി എന്ന നിലക്കാണ് കമ്പനിക്ക് നിർമാണാനുമതി നൽകിയതും ഇളവുകൾ അനുവദിച്ചതുമെല്ലാം. ഭാവിയിൽ നിയമപ്രശ്നങ്ങളുണ്ടാകുമ്പോൾ ജി.സി.ഡി.എക്ക് എതിരായി വരുന്ന രേഖപ്പെടുത്തലുകളാണ് കരാറിലുൾപ്പെടുത്തിയിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി മൂലം പ്രവൃത്തി തുടർന്നു കൊണ്ടുപോകാനാവില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ടി.ഡി.എൽ.സി.സി.എസിന്‍റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാതെയാണോ പ്രവൃത്തി നൽകിയതെന്ന ചോദ്യമാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്. ബാങ്ക് ഗ്യാരൻറി വാങ്ങാത്തതിനു കാരണം വ്യക്തമല്ല. കരാർ കമ്പനിയുടെ മുൻ പ്രവൃത്തികൾ പരിശോധിക്കാതെ ധൃതിപ്പെട്ട് പ്രവൃത്തി ഏൽപ്പിച്ചതിന്‍റെ കാരണവും റിപ്പോർട്ടിൽ തേടുന്നുണ്ട്. നിർമ്മാണത്തിലെ പിഴവുകൾക്ക് കരാറുകാരനെ 'ബ്ലാക്ക് ലിസ്റ്റ്' ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ത്രികക്ഷി കരാറിൽ ലംഘനം

ലൈഫ് മിഷൻ പ്രോജക്ടിന്റെ സാങ്കേതികവും സാമ്പത്തികവുമായ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് ലൈഫ് മിഷൻ പിന്മാറുകയും ആ ഉത്തരവാദിത്തങ്ങളെല്ലാം ജി.സി.ഡി.എയുടെ മേൽ മാത്രം കെട്ടിവെക്കുകയും ചെയ്തു. ഇത് നിലവിലുള്ള ത്രികക്ഷി കരാറിന്റെ ലംഘനമാണ്.

കൂടാതെ അനുമതിയില്ലാതെ ഡിസൈന്‍ മാറ്റിയെന്നും പൈലിങ് രീതി മാറ്റിയത് കരാറുകാരന്റെ ആവശ്യപ്രകാരമാണെന്നുമുൾപ്പെടെ ഒട്ടേറെ വീഴ്ചകൾ റിപ്പോർട്ടിലുണ്ട്. നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ വിദഗ്ധർ ഉള്ളിടത്ത് പുറത്തുനിന്നുള്ള റിട്ട. ഉദ്യോഗസ്ഥനോട് പരിഹാര മാർഗം തേടിയെന്നും, ഇദ്ദേഹം നൽകിയ നിർദേശം പിന്നീട് മറ്റൊരു 'വിദഗ്ധാഭിപ്രായം' ലഭിച്ചതിനാൽ ഉപേക്ഷിച്ചുവെന്നുമുൾപ്പെടെ റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം ഓഫീസിലെ ഗുരുതരമായ വീഴ്ചകൾ നിലനിൽക്കെ, മറ്റ് സംസ്ഥാനങ്ങളിലെ വികസന പദ്ധതികളുടെ കൺസൾട്ടന്റായി പ്രവർത്തിക്കാൻ ജി.സി.ഡി.എ അനുമതി തേടിയത് സ്ഥാപനത്തിന്റെ പേരിന് കളങ്കമുണ്ടാക്കുമെന്ന് ഓഡിറ്റ് വിലയിരുത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mundamveli Life Mission Flat: Audit Report Alleges Comprehensive Irregularities
Next Story