പറവകളുടെ രക്ഷകൻ മുകേഷ് ജെയ്ൻ
text_fieldsമുകേഷ് രക്ഷപ്പെടുത്തിയ പക്ഷിയുമായി
മട്ടാഞ്ചേരി: ജനുവരി അഞ്ച് ദേശീയ പക്ഷിദിനമായി ആചരിക്കുമ്പോൾ ശ്രദ്ധേയനാകുന്നത് ഗുജറാത്തിയായ കൊച്ചിക്കാരൻ മുകേഷ് ജെയ്ൻ ആണ്. മുകേഷ് ഇതുവരെ രക്ഷപ്പെടുത്തിയത് അയ്യായിരത്തോളം പക്ഷികളുടെ ജീവനാണ്. കൊച്ചിയിൽ മാത്രമല്ല ജില്ലയുടെ പല ഭാഗങ്ങളിലും പറവകൾ അപകടത്തിൽപെടുമ്പോൾ ആളുകൾ വിളിക്കുന്നത് മുകേഷ് ജെയ്നിനെയാണ്.
പൊലീസും അഗ്നിരക്ഷാ സേനയും സഹായം തേടാറുണ്ട്. അമ്പതടി ഉയരത്തിൽ കുടുങ്ങുന്ന പക്ഷികളെ വരെ രക്ഷിക്കാൻ ഉതകുന്ന ഉപകരണങ്ങൾ മുകേഷ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. പട്ടത്തിന്റെ പൊട്ടിയ നൂലിൽ കുടുങ്ങി മരങ്ങളിൽ കുടുങ്ങുന്ന പക്ഷികളെ രക്ഷിക്കാൻ ബംഗളൂരുവിൽനിന്ന് മൂന്ന് തവണ സ്വന്തം പണം ചെലവാക്കി വിമാനത്തിൽ വന്നിട്ടുണ്ട് മുകേഷ്. പറവകൾ അടക്കമുള്ള ജീവജാലങ്ങളോട് അത്രയേറെ മമതയാണ് മുകേഷ് പുലർത്തി വരുന്നത്.
പട്ടം പറപ്പിക്കുന്നത് വിനോദമാണെങ്കിലും നൈലോൺ നൂൽ ഉപയോഗിക്കരുതെന്നാണ് മുകേഷിന്റെ ഉപദേശം. സാധാരണ കോട്ടൺ നൂലിലാണ് പറവ കുടുങ്ങുന്നതെങ്കിൽ ഇവക്ക് സമയമെടുത്താണെങ്കിലും പൊട്ടിച്ചുപോകാൻ കഴിയുമെന്ന് മുകേഷ് പറയുന്നു. പക്ഷികളെ മാത്രമല്ല നായകളെ പേടിച്ചും മറ്റും വലിയ മരങ്ങളിലേക്ക് ഓടിക്കയറി കുടുങ്ങിയ പൂച്ചകളെയും രക്ഷിക്കാൻ മുകേഷ് എത്തും. 26 പൂച്ചകളെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. വേനല്‍ക്കാലത്ത് പറവകള്‍ക്ക് വെള്ളം നല്‍കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മണ്‍കലം വിതരണം ചെയ്യുന്ന പദ്ധതിയും മുകേഷ് കഴിഞ്ഞ 18 വർഷങ്ങളായി നടപ്പാക്കിവരുന്നുണ്ട്. കുരുവികളുടെ സംരക്ഷണത്തിനായി കുരുവിക്കൊരു കൂട് പദ്ധതിയുമുണ്ട്. വിദ്യാര്‍ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറക്കുന്നതിന് 13 വർഷം നീണ്ടുനിന്ന നിയമ പോരാട്ടം നടത്തി വിജയം കൈവരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

