പര്യത്ത് കോളനി കുടിയൊഴിപ്പിക്കാൻ നീക്കം; സംഘർഷഭരിതം
text_fieldsമലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം
കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ ബുധനാഴ്ച രാവിലെ മുതൽ പ്രദേശം സഘർഷാവസ്ഥയിലായിരുന്നു. രാവിലെ 8.30 ഓടെ മേഖലയിൽ ആലുവ ഡി.വൈ.എസ്.പി ബാബു കുട്ടൻ, ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അലക്സ് ബേബി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോളനിയിലേക്ക് പ്രവേശിക്കുന്ന പെരിയാർ വാലി കനാലിന്റെ പാലത്തിൽ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന സമരക്കാരും അണിനിരന്നു. രാവിലെ 11 ഓടെ അഡ്വ. കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിലുളള സംഘമെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഒരു കാരണവശാലും പിൻമാറില്ലന്ന് അവർ നിലപാട് സ്വീകരിക്കുകയായിരുന്നു.
12 മണിയോടെ പൊലീസിന്റെ സഹായത്തോടെ കമ്മീഷൻ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് സംഘർഷം രൂക്ഷമാകാൻ കാരണമായി. സമരക്കാർ കൈയിൽ സൂക്ഷിച്ചിരുന്ന മണ്ണണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹൂതി ഭീഷണി മുഴക്കിയതോടെ തൽക്കാലം കമ്മീഷൻ പിൻമാറിയെങ്കിലും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചു. ഉച്ചക്ക് 2.30 ഓടെ എന്ത് വിലകൊടുത്തും സമരക്കാരെ ഒഴിപ്പിക്കണമെന്ന നിലപാട് കമ്മീഷൻ എടുത്തതോടെ സംഘർഷം രൂക്ഷമായി. സമരക്കാരും പൊലീസും ഉന്തും തള്ളും ശക്തമായതോടെ സമരക്കാർ വീണ്ടും ദേഹത്തേക്ക് മണ്ണണ്ണ ഒഴിച്ച് ആത്മഹുതി ഭീഷണി മുഴക്കി.
തുടർന്ന പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും സമരത്തിലെ മുൻനിര നേതാക്കളായ സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി.എം കരിം, മുൻ ബ്ലോക്ക് പ്രസിഡൻറ് അൻവറലി, മുൻ ബ്ലോക്ക് അംഗം സിറാജ് എന്നിവരുൾപ്പെടെ സമരത്തിലുണ്ടായിരുന്ന 16 പേരെ അറസ്റ്റ് ചെയ്തു നീക്കി. സ്ത്രീകളെ തള്ളിനീക്കി പൊലീസിന്റെ സഹായത്തോടെ അഡ്വ. കമ്മീഷൻ തർക്കഭൂമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ആദ്യ വീട്ടിലെത്തിയ കമ്മീഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നോട്ടിസ് പതിച്ചു.
തൊട്ടടുത്തുള്ള ചോതിയുടെ വീട്ടിലെത്തിയതോടെ മുൻ വശത്തെ വാതിൽ അടച്ച് സ്ത്രീകളും കുട്ടികളും പ്രതിരോധം തീർത്തു. വനിതാ പൊലീസ് ഉൾപ്പെടെ ഇവരെ പിടിച്ച് മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടുകയും പൊലീസിനോട് പിന്മാറാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെ പൊലീസ് പിന്മാറുകയും സംഘർഷത്തിന് അയവ് വരികയും ചെയ്തു.
തുടർന്ന് ഒരു കാരണവുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് സമരം നടത്തിയ സ്ത്രീകൾ രംഗത്ത് വന്നു. 73 വയസ്സുള്ള ലക്ഷ്മിയെ കൈയ്യിൽ പിടിച്ച് വലിച്ചതായും കൈ നേരത്തെ ഒടിഞ്ഞതാണന്ന് പറഞ്ഞിട്ടും പൊലീസ് വിടാൻ തയാറായില്ലന്ന് ലക്ഷ്മി പറഞ്ഞു. ഉന്തിലും തള്ളിലും പലർക്കും പരിക്കേറ്റതായും പൊലീസ് മനപ്പൂർവം അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സ്ത്രീകളും പറഞ്ഞു. ജനിച്ച മണ്ണിൽ നിന്നും ഇനി ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടത് എന്നാണ് ഇവർ ചോദിക്കുന്നത്.
ഞങ്ങളുടെകൂടെ 80 വയസ്സായ സ്ത്രീകൾ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെയുണ്ട്. ഞങ്ങൾ എങ്ങോട്ട് പോകും. തെരുവിലിറങ്ങി കിടക്കാൻ പറ്റുമോ എന്നാണ് ഇവർ ചോദിക്കുന്നത്. സംഘർഷത്തെ തുടർന്ന് മുൻ എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ സ്ഥലം സന്ദർശിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് ദിവസം തികയും മുമ്പാണ് പട്ടികജാതിക്കാരെ പൊലീസ് തല്ലി ചതച്ചത് എന്നും പൊലീസിന്റെ നടപടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി -എം.എൽ.എ
കിഴക്കമ്പലം: പര്യത്ത് കോളനിയിലെ കുടിയൊഴിപ്പിക്കൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. കേസിലെ വാദിയെയും കോളനിയിലെ താമസക്കാരെയും ഒന്നിച്ചിരുത്തി കോടതിക്ക് പുറത്ത് സമവായമുണ്ടാക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിഷയം ഉടൻ തന്നെ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയാണ് പൊലീസ് നടപടി നിർത്തിവെപ്പിച്ചത്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കും. നൂറിലധികം വർഷങ്ങളായി കോളനിയിൽ താമസിക്കുന്നവരാണിവർ. അവർക്ക് സംരക്ഷണം നൽകുന്ന നടപടി സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും.
അതിനായി എം.എൽ.എ എന്ന നിലയിൽ നേതൃത്വം നൽകും. കോളനിയിലെ വീട്ടമ്മമാർക്കും കുട്ടികൾക്കും നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന പരാതി ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പൊലീസ് വഴിവിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സജീന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കം
കിഴക്കമ്പലം: ദശാബ്ദങ്ങള്‍ക്കു മുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് മലയിടംതുരുത്ത് പര്യത്ത് കോളനിയിലെ ഏഴ് പട്ടികജാതി കുടുംബങ്ങള്‍. 58 വര്‍ഷം മുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടം തുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ ഇവര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തുന്നത്.
പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടു പോയെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ കാരണമായത്. തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന് ചോതി (78) പറഞ്ഞു.
മുപ്പത്തിമൂന്ന് വര്‍ഷം മുമ്പാണ് 80 വയസോളം പ്രായമുണ്ടായിരുന്ന തങ്ങളുടെ അച്ഛന് മരണമടയുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന് നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. പിന്നീട് തന്റെ അച്ഛനും നിലനില്‍പ്പിനായി നിയമനടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ശങ്കരന് നായരും മരണപ്പെട്ടു.
അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയത് എന്ന് കോളനി നിവാസികൾ പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നോക്കം നിന്ന തന്റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും ചോതി പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കാലത്തു പോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ജനിച്ച മണ്ണില്‍ നിന്നും തങ്ങളെ ആട്ടിപ്പായിച്ചാല്‍ ഇനി ആത്മഹത്യല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്.
അഡ്വ. കമീഷൻ എത്തുന്നത് 14ാം തവണ
കിഴക്കമ്പലം: മലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അഡ്വ കമ്മീഷൻ എത്തുന്നത് 14ാമത്തെ പ്രാവശ്യം. സുപ്രിം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അഡ്വ കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ ഏഴിന് താലൂക്ക് സർവേയർ ഉൾപ്പെടെ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
പരിസരത്തെ പെരിയാർ വാലി പുറമ്പോക്ക് ഉൾപ്പെടെ അളന്ന് തിരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പല പ്രാവശ്യം വന്ന കമ്മിഷൻ തിരിച്ച് പോയിരുന്നു. ഇതോടെ പൊലിസിന്റെ സഹായം ലഭിക്കുന്നില്ലെന്ന ആരോപണവും കമ്മീഷൻ ഉന്നയിച്ചു.
അവസാനം കഴിഞ്ഞ മാർച്ച് നാലിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നങ്കിലും തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ആവശ്യത്തിന് പൊലീസ് ഇല്ലെന്ന പൊലീസ് വാദം കണക്കിലെടുത്താണ് മേയ് 20 ലേക്ക് മാറ്റിയത്. ഇതേ തുടർന്നാണ് ബുധനാഴ്ച രാവിലെ അഡ്വ. കമ്മീഷൻ എത്തിയത്. വരും ദിവസങ്ങളിൽ കോടതിയുടെ നിർദേശ പ്രകാരം തുടർ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

