അഞ്ചാം വർഷവും മെഡലുകൾ വാരിക്കൂട്ടി മൈക്കിൾ ജോ
text_fieldsമൈക്കൾ ജോ ഫ്രാൻസിസ്
മട്ടാഞ്ചേരി: തുടർച്ചയായി അഞ്ചാം വർഷവും മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ വെസ്റ്റേൺ, ഈസ്റ്റേൺ താള വാദ്യങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ വിളയാഹ്ലാദത്തിലാണ് മൈക്കൾ ജോ ഫ്രാൻസിസ്.
തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ തേവര സേക്രഡ് ഹേർഡ് കോളജ് പോസ്റ്റ് ഗ്രാഡുവേറ്റ് എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിയാണ്. തിരുവല്ലയിൽ നടന്ന എം.ജി. യൂനിവേഴ്സിറ്റി കലോത്സവത്തിൽ വക്തിഗത മത്സരത്തിൽ വിൻഡ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ (ഹാർമോണിയം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം തവണയാണ് സ്വർണം നേടുന്നത്.
പെർക്യൂഷൻ ഇൻസ്ട്രുമെന്റസ് പാശ്ചാത്യം (ജാസ് ഡ്രം) മത്സരത്തിലും കഴിഞ്ഞ വർഷം നഷ്ടമായ ഒന്നാം സ്ഥാനം തിരികെ പിടിച്ചു മൈക്കൾ. ഈ ഇനത്തിൽ നാലാം തവണയാണ് മൈക്കിൾ വിജയം സ്വന്തമാക്കുന്നത്. എം.ജി യൂനിവേഴ്സിറ്റി ഈ വർഷം പുതിയതായി തുടങ്ങിയ ഫോൾക് ഓർക്കസ്ട്രായിൽ മൈക്കൾ ജോയുടെ നേതൃത്വത്തിൽ തേവര സേക്രഡ് ഹേർഡ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധതരം വാദ്യോപകരണങ്ങളിൽ നാദബ്രഹ്മം ഉയർത്തി മൈക്കൾ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ് ഇനത്തിൽ ഇന്ത്യൻ സോങ് ഈസ്റ്റേൺ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയാണ് മൈക്കളിന്റെ നേതൃത്വത്തിലുള്ള ടീം കിരീടം കരസ്ഥമാക്കുന്നത്. സ്കൂൾ കലോത്സവത്തിൽ തുടങ്ങി കഴിഞ്ഞ അഞ്ചു വർഷവും എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കിൾ പറഞ്ഞു. മേശപ്പുറത്ത് താളം പിടിച്ചിരുന്ന ബാല്യകാലത്തിൽ നിന്നാണ് മൈക്കിൾ വെസ്റ്റേൺ, ഈസ്റ്റേൺ വാദ്യ ഉപകരണങ്ങളിൽ താള വിസ്മയം തീർക്കുന്നത്. സൈക്കോളജിസ്റ്റും വയലിനിസ്റ്റുമായ നേഹ ആഗ്നെസാണ് മൈക്കിളിന്റെ സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

