മേപ്പള്ളം കോളനി: പട്ടികജാതി കുടുംബങ്ങളുടെ വീട് നിർമാണം മുടങ്ങിയിട്ട് പതിറ്റാണ്ട് പിന്നിടുന്നു
text_fieldsതിരുവാലൂർ മേപ്പള്ളം കോളനിയിലെ പണിതീരാത്ത വീടുകളിൽ ഒന്ന് കാടുകയറിയ നിലയിൽ
ആലങ്ങാട്: പഞ്ചായത്ത് തിരുവാലൂർ മേപ്പള്ളം കോളനിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ അനുവദിച്ച ഭൂമി കാടുകയറിയ നിലയിൽ.ഇവർക്ക് അനുവദിച്ച വീടുകളുടെ നിർമാണമാകട്ടെ പാതിവഴിയിലും. 2011-12 സാമ്പത്തിക വർഷത്തിലാണ് 90 സെന്റ് വസ്തു 21 പട്ടികജാതി കുടുംബങ്ങൾക്ക് വാങ്ങിനൽകിയത്. 10 വർഷമായിട്ടും ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
അഞ്ച് കുടുംബങ്ങളുടെ വീടുപണി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ശേഷിക്കുന്ന വസ്തു കാടുകയറിയും വെള്ളക്കെട്ടിലും വാസയോഗ്യമല്ലാതെ തരിശായി കിടക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും പട്ടികജാതി സംവരണത്തിലുള്ള ജനപ്രതിനിധിയാണ് ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്.
എന്നാൽ, കോളനിയുടെ ശോച്യാവസ്ഥ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കാനോ അവിടെ വേണ്ടവിധത്തിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനോ ഭരണസമിതി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തയാറായിട്ടില്ലെന്ന് പൊതുപ്രവർത്തകനായ കരിങ്ങാംതുരുത്ത് സ്വദേശിയായ കെ.എ. നാരായണൻ കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഭരണസമിതിക്ക് ഇക്കാര്യത്തിലുള്ള താൽപര്യമില്ലായ്മയാണ് ഈ കോളനിയുടെ ദുരവസ്ഥക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിലെ നൂറുകണക്കിന് എസ്.സി കുടുംബങ്ങൾ അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ് 10 കുടുംബങ്ങൾക്കുള്ള സ്ഥലം വെറുതെ കിടക്കുന്നത്. ഈ വിഷയത്തിൽ പഞ്ചായത്തിന് നിവേദനം നൽകിയതായി കെ.എ. നാരായണൻപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

