നീണ്ട കാത്തിരിപ്പിന് വിരാമം;മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടനം 11ന്
text_fieldsഅന്തിമഘട്ടത്തിലെത്തിയ മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമാണം
മട്ടാഞ്ചേരി: കൊച്ചിക്കാരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകി, നാട്ടുകാരുടെ സഞ്ചാര സൗകര്യത്തിന് വഴിയൊരുക്കി മട്ടാഞ്ചേരി വാട്ടർ മെട്രോ സർവിസ് ശനിയാഴ്ച ആരംഭിക്കും. ദീപാവലി സമ്മാനമായാണ് വാണിജ്യ പൈതൃക നഗരിയിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ സർവിസ് ഉദ്ഘാടനം ചെയ്യുന്നത്. തുറമുഖവുമായി ബന്ധപ്പെടുത്തിയാണ് ആദ്യ ഘട്ട സർവിസ്.
എറണാകുളം ഹൈകോർട്ട് -വെല്ലിങ്ടൺ ഐലൻഡ് - മട്ടാഞ്ചേരി റൂട്ടിലാണ് പ്രാരംഭ ജല മെട്രോ സർവിസ്. രാവിലെ എട്ടുമുതൽ രാത്രി എട്ട് വരെയാണ് സർവിസ്. എക്കൽ പ്രശ്നവും വേലിയേറ്റ-ഇറക്കത്തിലും സർവിസ് തടസ്സപ്പെടാതിരിക്കാൻ കായലിലേക്ക് ജെട്ടി ഇറക്കി കെട്ടിയാണ് നിർമാണം.
2023 ഏപ്രിലിൽ വാട്ടർ മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടന പട്ടികയിൽ ഉൾപ്പെട്ട മട്ടാഞ്ചേരി ടെർമിനൽ മൂന്ന് വർഷം കഴിഞ്ഞാണ് തുറക്കുന്നത്. 2016ൽ കൊച്ചി വാട്ടർ മെട്രോ നിർമാണം പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ പദ്ധതിയിലിടം നേടി നടപടികൾ തുടങ്ങിയ ജെട്ടി 2019 ഡിസംബറിൽ ടെൻഡർ നടപടികളും പൂർത്തിയാക്കിയിരുന്നു.മട്ടാഞ്ചേരി കൊട്ടാരത്തിന് അഭിമുഖമായി ഒന്നരയേക്കർ സ്ഥലത്ത് 12 കോടി രൂപ ചെലവിൽ പൗരാണിക രൂപകൽപനയിൽ തുടങ്ങിയ ജെട്ടി നിർമാണം പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തംഭിച്ചു.
തുടർന്ന് ജനകീയ പ്രക്ഷോഭങ്ങൾ ഏറെ നടന്നു. നാട്ടുകാരായ മൂന്ന് പേർ ഹൈകോടതിയെ സമീപിച്ചതോടെ ഇടപെടലുണ്ടായി. തുടർന്നാണ് വീണ്ടും ടെൻഡർ വിളിച്ച് നിർമാണം തുടങ്ങിയത്. ഇതിനകം മൂന്ന് ഘട്ടങ്ങളിൽ ഉദ്ഘാടന പ്രഖ്യാപനവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

