മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ സർവിസ് തുടങ്ങാൻ ഇനിയും താമസിക്കും
text_fieldsമട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമാണം അന്തിമഘട്ടത്തിൽ
മട്ടാഞ്ചേരി: മട്ടാഞ്ചേരി ടെർമിനലിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ സർവിസ് കാത്തിരിപ്പ് നീളും. ടെർമിനൽ നിർമാണം അന്തിമ ഘട്ടത്തിലാണെങ്കിലും വൈദ്യുതി കണക്ഷൻ, എക്കൽ നീക്കൽ, ഫ്ലോട്ടിങ് പോണ്ടുണുകൾ സ്ഥാപിക്കൽ തുടങ്ങിയവക്ക് കാലതാമസം നേരിടുന്നതാണ് സർവിസ് ആരംഭിക്കാൻ പ്രതിസന്ധിയാകുന്നത്.
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ടെർമിനൽ പദ്ധതിയിൽ ഉൾപ്പെടുത്തി 2019ൽ നിർമാണം തുടങ്ങി 2023ൽ ആദ്യഘട്ട സർവിസ് നടത്തേണ്ടിയിരുന്ന ജെട്ടിയാണ് വിവിധ കാരണങ്ങളാൽ നീളുന്നത്. കരാറുകാരന്റെ നടപടിയെ തുടർന്ന് ആദ്യഘട്ട നിർമാണം സ്തംഭിച്ചു.
മറ്റ് ജെട്ടികൾ പൂർത്തീകരിച്ച് സർവിസുകൾ തുടങ്ങിയിട്ടും മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണംപോലും ആരംഭിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ഇതിനിടെ കാലതാമസം ചൂണ്ടിക്കാട്ടി നാട്ടുകാർ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതിയുടെ ശക്തമായ ഇടപെടലുകളും ഗുണം ചെയ്തു. രണ്ടാം തവണ ടെൻഡർ നടത്തിയാണ് ടെർമിനൽ നിർമാണം പുനരാരംഭിച്ചത്.
ടെർമിനലിലേക്കുള്ള വൈദ്യുതി കണക്ഷനുള്ള കെ.എസ്.ഇ.ബി നടപടികൾ പ്രാരംഭഘട്ടത്തിലാണ്. ജെട്ടിയോട് ചേർന്ന് യാത്രക്കാരുടെ സുരക്ഷക്കായുള്ള ഫ്ലോട്ടിങ് പോണ്ടുണുകൾ സ്ഥാപിക്കാൻ ഇനിയും ആഴ്ചകളെടുക്കും. ടെർമിനലിന് സമീപമുള്ള കായലിലെ എക്കൽ നീക്കം ചെയ്യാൻ ഡ്രഡ്ജിങ് നടപടികൾ പൂർത്തീകരിക്കാനും സമയമെടുക്കും.
ഓണാഘോഷങ്ങൾക്ക് മുമ്പ് സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ ഇപ്പോഴും പറയുന്നത്. വാണിജ്യ, പൈതൃക ടൂറിസം നഗരിയിലേക്കുള്ള സർവിസ് ഏറെ ഗുണം ചെയ്യുമെങ്കിലും പ്രതിസന്ധികൾ ഇതുവരെ വിട്ടൊഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

