ശാപമോക്ഷംകാത്ത് മട്ടാഞ്ചേരി ബോട്ട് ജെട്ടി
text_fieldsഅടഞ്ഞുകിടക്കുന്ന മട്ടാഞ്ചേരി ബോട്ട്ജെട്ടി
മട്ടാഞ്ചേരി: ഒരു കോടിയോളം മുടക്കി നവീകരിച്ച് ഒരു വർഷം തികയുമ്പോഴും സർവിസ് നടത്താൻ കഴിയാതെ നോക്കുകുത്തിയായിരിക്കുകയാണ് രാജ്യത്തെ തന്നെ ആദ്യപാസഞ്ചർ ജെട്ടികളിൽ ഒന്നായ മട്ടാഞ്ചേരി ബോട്ട് ജെട്ടി. കായലിലെ എക്കൽ മൂലം സർവിസ് നടത്താൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
കായലിലെ എക്കൽ നീക്കുന്നതിനും കൂടി തുക വകയിരുത്തിയാണ് ജെട്ടിയുടെ നവീകരണം നടന്നതെങ്കിലും എക്കൽ നീക്കം പ്രഹസനമായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ലോക പൈതൃക ടൂറിസത്തിൽ ഇടംപിടിച്ച ഡച്ച് കൊട്ടാരം, ജൂത സിനഗോഗ് എന്നി ചരിത്രസ്മാരകങ്ങളോട് ചേർന്ന് കിടക്കുന്ന ജെട്ടിക്കാണ് ഈ ഗതികേട്. ദൈനംദിനം ഇവ കാണുന്നതിന് വിദേശികളും സ്വദേശികളുമായി ആയിരങ്ങൾ എത്തുമ്പോഴാണ് പ്രധാന ജലഗതാഗത മാർഗമായ ബോട്ട് ജെട്ടി സർവിസ് നിർത്തി അടച്ചിട്ടിരിക്കുന്നത്.
രാജ്യത്തെ ആദ്യ പാസഞ്ചർ ബോട്ട് ജെട്ടി
ജലഗതാഗത വകുപ്പ് രൂപവത്കരിക്കുന്നതിനും ഏറെ മുമ്പ് തന്നെ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽനിന്ന് സർവിസ് ആരംഭിച്ചിരുന്നു. എസ്. കോഡർ എന്ന ജൂത വ്യവസായിയാണ് എറണാകുളം ഹുസൂർ ജെട്ടിയുമായി ബന്ധപ്പെടുത്തി മട്ടാഞ്ചേരിയിൽനിന്ന് ജല ഗതാഗതത്തിന് സൗകര്യമൊരുക്കി ബോട്ട് സർവിസിന് തുടക്കമിട്ടത്. ടക് ടക് ശബ്ദത്തോടെ ബോട്ട് ഒഴുകിനീങ്ങുന്നത് അക്കാലത്ത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
കൊച്ചി രാജവംശത്തിന്‍റെ കോവിലകത്തിനു സമീപത്തെ ജെട്ടിയായിരുന്നതിനാൽ കോവിലകം ജെട്ടിയെന്നായിരുന്നു ആദ്യ പേര്. നാട്ടുകാർ സൗകര്യാർഥം കോലോത്ത് ജെട്ടി എന്നാക്കി. പിന്നീട് ജലഗതാഗത വകുപ്പ് സർവിസ് ഏറ്റെടുത്തപ്പോൾ സ്ഥലനാമത്തിലേക്ക് മാറ്റിയതോടെ മട്ടാഞ്ചേരി ബോട്ട് ജെട്ടിയായി. കൊച്ചി തുറമുഖ തൊഴിലാളികൾക്ക് സൗകര്യപ്പെടുത്തി വെല്ലിങ് ഐലൻഡിൽ ജെട്ടി വന്നതോടെ 10 മിനിറ്റ് ഇടവേളകളിൽവരെ സർവിസ് നടത്തിയിരുന്നു.
നവീകരണവേളയിൽ ഡ്രഡ്ജിങ്ങിനെതിരെ പരാതി
പ്രളയസമയത്ത് ജെട്ടിക്ക് സമീപം മരക്കഷണങ്ങളും മറ്റും ഒഴുകിയെത്തി ചളിയിൽ പൂണ്ടുകിടപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജലഗതാഗത വകുപ്പ് അധികൃതർ ആദ്യം സർവിസ് നിർത്തിവെച്ചത്. ഈ കാരണം പറഞ്ഞ് സർവിസ് നിർത്തിയെങ്കിലും ഈ ജെട്ടിക്ക് 15മീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ബോട്ട് ജെട്ടിയിൽ ഇരുനിലകളോട് കൂടിയ ടൂറിസ്റ്റ് ബോട്ടുകൾ അടുപ്പിക്കുമായിരുന്നു. സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരങ്ങൾ പലത് നടത്തിയെങ്കിലും അധികൃതർ മുഖവിലയ്ക്കെടുത്തില്ല. അഞ്ച് വർഷം കഴിഞ്ഞാണ് നവീകരണത്തിനും എക്കൽ നീക്കുന്നതിനും നടപടിയായത്. നവീകരണ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങി.
ജെട്ടിക്ക് സമീപത്തുനിന്ന് എക്കലും ചളിയും നീക്കുന്ന നടപടി ആരംഭിച്ചെങ്കിലും ഇടക്കൊച്ചിയിൽ ഈ എക്കലും ചളിയും നിക്ഷേപിക്കാൻ പ്രദേശവാസികൾ അനുവദിച്ചില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഒടുവിൽ കായലിൽനിന്ന് കോരുന്ന എക്കൽ കടലിൽ നിക്ഷേപിക്കാൻ ധാരണയായെങ്കിലും ഭാരിച്ച ചെലവായതിനാൽ കരാറുകാരൻ ധാരണ തെറ്റിച്ചു. കായലിൽനിന്ന് കോരിയെടുക്കുന്ന ചളി കായലിൽ തന്നെ കലക്കിക്കളയുന്ന ദൈനംദിന കാഴ്ചക്കെതിരെ നാട്ടുകാർ ബഹളംവെച്ചെങ്കിലും ഇത് തുടരുകയായിരുന്നു. നാട്ടുകാരുടെ ആരോപണം ശരിവെക്കുന്നതാണ് നിലവിലെ അവസ്ഥ.
കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം
നവീകരണത്തിന് ശേഷം കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും സർവിസ് മുന്നോട്ടു പോയില്ല. ജെട്ടിയിൽ ബോട്ട് അടുക്കുന്ന ഭാഗത്ത് എക്കൽ നിറഞ്ഞതിനാൽ ഉദ്ഘാടനത്തിന് പിറ്റേന്ന് മുതൽ വേലിയേറ്റസമയത്ത് മാത്രമാക്കി സർവിസ് ചുരുക്കി. കഷ്ടിച്ച് രണ്ട് മാസത്തോളം വേലിയേറ്റം കണക്കാക്കി സർവിസ് നടത്തിയെങ്കിലും പിന്നീട് സർവിസ് പൂർണമായും നിലച്ചു. ഇനിയെന്ന് സർവിസ് ആരംഭിക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി നൽകാൻ അധികൃതർക്കും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

