പെൺകുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാൾ പിടിയിൽ
text_fieldsകാക്കനാട്: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞ യുവാവിനെ പിടികൂടി. തൃശൂർ മണ്ണുത്തി കാളത്തോട് സ്വദേശി കുറുങ്കുളം വീട്ടിൽ സെൽഡൻ ഡിക്സനാണ് (30) തൃക്കാക്കര പൊലീസിന്‍റെ വലയിലായത്. സിംഗപ്പൂരിലായിരുന്ന ഇയാൾ ചെന്നൈ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്.
തൃശൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വാഴക്കാലയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ സിംഗപ്പൂരിലുള്ള ബന്ധുവിന്‍റെ സഹായത്തോടെ സെൽഡൻ അവിടേക്ക് പോവുകയായിരുന്നു. രാജ്യം വിട്ടതോടെ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങൾക്കുശേഷം കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.