മലയിടം തുരുത്ത് പര്യത്ത് ഉന്നതി: ഹരജി ഇന്ന് പരിഗണിക്കും
text_fieldsകിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്തു കാവ് ഏഴ് ദലിത് കുടുംബങ്ങൾ ഉൾപ്പെടെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ഭൂമിയുടെ അവകാശം തങ്ങൾക്ക് അനുവദിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലയിടം തുരുത്ത് കണ്ണാട്ട് വീട്ടിൽ സുഭദ്രയും അബികയും നൽകിയ ഹരജിയാണ് ഹൈകോടതി മുമ്പാകെയുള്ളത്. കഴിഞ്ഞ മാർച്ച് 19 ന് ഹരജി പരിഗണിച്ച ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടത്. എന്നാൽ അഡ്വ. കമീഷൻ പൊലീസുമായി ഒഴിപ്പിക്കാൻ എത്തിയപ്പോൾ സംഘർഷം രൂക്ഷമായതോടെ സർക്കാർ ഇടപെടുകയും പൊലീസിനെ പിൻവലിക്കുകയും ചെയ്തു. തിങ്കളാഴ്ച ഹരജി കോടതി പരിഗണിക്കുമ്പോൾ അതിൽ സർക്കാറും കക്ഷിയാകും. പ്രശ്നപരിഹാരത്തിന് സമയം നീട്ടി ചോദിക്കാനാണ് സർക്കാർ ഉദേശിക്കുന്നത്.
ഇതിനകം മന്ത്രി റോജി എം. ജോണിന്റെയും വി.പി. സജീന്ദ്രൻ എ.എൽ.എയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിൽ ഏഴ് കുടുംബാഗങ്ങളുമായും പരാതിക്കാരുമായി ഒന്നാം വട്ട ചർച്ച നടത്തി. ദലിത് കുടുംബങ്ങളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലന്ന് എം.എൽ.എയും മന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്. ഭൂവുടമകളും ഉന്നതി നിവാസികളുമായി ചർച്ച നടത്തി ആർക്കും പരിക്കില്ലാത്ത രൂപത്തിൽ കോടതിക്ക് പുറത്ത് വച്ച് പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുക. എന്നിട്ടും പരിഹാരമാവാതിരിക്കുകയും കോടതി വിധി ഉന്നതി നിവാസികൾക്ക് എതിരാവുകയും ചെയ്താൽ പുനരധിവാസത്തെ കുറിച്ചും സർക്കാർ ആലോചിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ പര്യത്ത് ഉന്നതിയിൽ ഞായറാഴ്ച രാവിലെ സന്ദർശിച്ച് സർക്കാർ കൈവിടില്ലെന്ന് കുടുംബങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

