മഹാരാജാസ് സിന്തറ്റിക് ട്രാക്ക് പുനർനിർമിക്കും
text_fieldsകൊച്ചി: ഏറെനാൾ നീണ്ട പരാതികൾെക്കാടുവിൽ മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക് പുനർനിർമാണത്തിന് 6.90 കോടി അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് പ്രിൻസിപ്പൽ ഡോക്ടർ മാത്യു ജോർജ് അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ സിന്തറ്റിക് ട്രാക്കായ ഇത് 2006ൽ സ്വിസ് കമ്പനി കോർനിക്ക സ്പോർട്സാണ് സർഫസസ് നിർമിച്ചത്. 2007ലാണ് തുറന്നത്. അഞ്ചുകോടി രൂപയായിരുന്നു അന്ന് പദ്ധതി ചെലവ്. ഒരുവർഷമായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് ട്രാക്ക്. വർഷങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിയതാണ് കാരണം.
നിലവിൽ ഒരു കായികമേളയും നടത്താനാകില്ല. ലോക്ഡൗണിൽ അടച്ചിട്ടശേഷം പിന്നീട് രാവിലെ ഓടാനും പരിശീലനത്തിനും എത്തുന്നവർക്ക് തുറന്നു. അടുത്തിടെ കായികമന്ത്രി വി. അബ്ദുറഹ്മാൻ ട്രാക്ക് സന്ദർശിച്ച് പുനർനിർമാണത്തിന് തുക അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.പുനർ നിർമാണത്തിെൻറ ഭാഗമായി സ്റ്റേഡിയത്തിന് ലോങ് ജംപ്, ട്രിപ്ൾ ജംപ്, ഹൈ ജംപ് പിറ്റുകൾകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഇടങ്ങളും ഇവിടെ ഒരുക്കണമെന്ന് വളരെ നാളായുള്ള ആവശ്യമാണ്.
നിലവിൽ എറണാകുളത്തെ കായികതാരങ്ങൾക്ക് പരിശീലനത്തിന് മഹാരാജാസ് കോളജ് ഗ്രൗണ്ട് അല്ലാതെ മറ്റിടങ്ങൾ ഇല്ല. സിന്തറ്റിക് ട്രാക്കിനോട് ചേർന്ന ഹോക്കി ഗ്രൗണ്ട് മെട്രോ സ്റ്റേഷൻ നിർമാണത്തോടെ ചളി നിറഞ്ഞ് പരിശീലനത്തിന് യോഗ്യമല്ലാതായിട്ടുണ്ട്.
ഇതിനെതിരെ ഹോക്കി ലവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്തുവന്നു. കായികമന്ത്രിയുടെ സന്ദർശനത്തിൽ പ്രശ്നം ഉയർത്തിയതിനെത്തുടർന്ന് അടുത്തിടെ ഹോക്കി ഗ്രൗണ്ടിെൻറ വീണ്ടെടുപ്പിന് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.