കൊച്ചി: മനുഷ്യനുമായുള്ള ജൈവബന്ധങ്ങളുടെ ആഴങ്ങൾ വരച്ചിട്ട് അകാലത്തിൽ വിടപറഞ്ഞ ചിത്രകാരൻ അശാന്തന് അക്ഷരവീടിെൻറ സ്നേഹാദരം വെള്ളിയാഴ്ച. മലയാളത്തിെൻറ മധുരാക്ഷരങ്ങൾ ചേർത്തുനിർത്തി 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയിൽ പൂർത്തിയാക്കിയ 'അഃ' അക്ഷരവീട് അശാന്തെൻറ കുടുംബത്തിന് സമർപ്പിക്കും.
പ്രമുഖ വാസ്തുശിൽപി ജി. ശങ്കറിെൻറ രൂപകൽപനയിൽ ഇടപ്പള്ളിയിലാണ് വീട് പൂർത്തിയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് അക്ഷരവീട് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു, കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സംഗീത സംവിധായകൻ ബിജിബാൽ, 'മാധ്യമം' ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ്, അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ഡി. പൈ, വാർഡ് കൗൺസിലർ അംബിക സുദർശൻ, സഹകരണ ബാങ്ക് പ്രസിഡൻറ് ഇ.ജെ. ഇഗ്നേഷ്യസ്, 'മാധ്യമം' കൊച്ചി രക്ഷാധികാരി എം.പി. ഫൈസൽ തുടങ്ങിയവർ സംബന്ധിക്കും.