നാളെയാണ്...നാളെയാണ്...
text_fieldsകൊച്ചി: ചെണ്ടമേളത്തിന്റെയും ബാൻഡ് വാദ്യത്തിന്റെയും മുഴക്കങ്ങൾ, വർണ ബലൂണുകളും പാർട്ടി പതാകകളും വാനിൽ നിറയെ പാറിപ്പറക്കുന്നു, അണികളുടെയും അനുഭാവികളുടെയും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യങ്ങൾ, ആരവങ്ങൾ, സ്ഥാനാർഥികളെ എടുത്തുയർത്തിയും തുറന്ന വാഹനങ്ങളിൽ ആനയിച്ചും രാജകീയ സ്വീകരണം...എല്ലാ ആവേശത്തിനും വൈകീട്ട് കൃത്യം ആറുമണിക്ക് ഫുൾസ്റ്റോപ്. തെരഞ്ഞെടുപ്പിന് ഒരു നാൾ ബാക്കി നിൽക്കേ നാടെങ്ങും ആവേശമായി കൊട്ടിക്കലാശം..
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളും ട്വന്റി 20, ആം ആദ്മി പാർട്ടി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവരെല്ലാം ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ അക്ഷരാർഥത്തിൽ ആഘോഷമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശവും അവസാന നാളിലെ തെരഞ്ഞെടുപ്പ് പ്രചാരണവും അവിസ്മരണീയമാക്കിയത്. കൊച്ചി കോർപറേഷനിൽ അടുത്തടുത്തുള്ള രണ്ടുവാർഡുകളുടെ കൊട്ടിക്കലാശം ഒരിടത്താണ് നടത്തിയത്. കറുകപ്പിള്ളിയിലായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന കൊട്ടിക്കലാശ കേന്ദ്രം. യു.ഡി.എഫ് കൊട്ടിക്കലാശം പാലാരിവട്ടം കേന്ദ്രീകരിച്ചും നടത്തി. ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, പറവൂർ, വൈപ്പിൻ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, നെട്ടൂർ, തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം, കോതമംഗലം, തൃക്കാക്കര, കളമശ്ശേരി മേഖലകളിലെല്ലാം കലാശക്കൊട്ട് ആവേശക്കാഴ്ചയായി.
രാവിലെ മുതൽ ഉച്ചഭാഷിണിയിലൂടെ ഒഴുകുന്ന പ്രചാരണഗാനങ്ങളും വികസന മുദ്രാവാക്യങ്ങളുമായി വോട്ടുവണ്ടികൾ നാടിന്റെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. സ്ഥാനാർഥിയെ വഹിച്ചുള്ള തുറന്ന വാഹനങ്ങളിലെ പ്രകടനങ്ങളും ബൈക്ക് ഷോകളും റോഡ് ഷോകളും കൊണ്ട് സജീവമായിരുന്നു ഞായറാഴ്ച. അവധിദിനമായതിനാൽ കഴിഞ്ഞ ദിവസങ്ങളിലേക്കാൾ സ്ഥാനാർഥിക്കൊപ്പമുള്ള ആളുകളുടെ എണ്ണവും വർധിച്ചു. രാവിലെ വാർഡുകളിൽ ഇതുവരെ എത്താത്ത ഏതെങ്കിലും വീടുകളുണ്ടോ എന്നുപരിശോധിച്ച് അവസാന വട്ട ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർഥിയും കൂട്ടരും. എല്ലാവരെയും ഒരു നോക്കുകണ്ട് പുഞ്ചിരിയും ഹസ്തദാനവും നൽകി അടുത്ത വീട്ടിലേക്കുള്ള ഓട്ടം.
ആഹാ ആവേശം...
ഉച്ചകഴിഞ്ഞ് നാലോടെയാണ് കൊട്ടിക്കലാശത്തിന്റെ വൈബിലേക്ക് നാടുണർന്നത്. പിന്നീടുള്ള രണ്ടുമണിക്കൂറുകൾ വർണാഭമായ കാഴ്ചകൾക്കാണ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ല സാക്ഷ്യം വഹിച്ചത്. യു.ഡി.എഫ് പ്രവർത്തകർ തങ്ങളുടെ ചിഹ്നങ്ങൾ നിറച്ച നോട്ടീസും പതാകകളും പ്ലക്കാർഡുമെല്ലാമായി നിരത്തുകളിൽ നിറഞ്ഞു. പലയിടത്തും ത്രിവർണത്താൽ കളറായി. എൽ.ഡി.എഫിന്റെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. ചെങ്കൊടികളും ചുവന്ന ബലൂണുകളും പോസ്റ്ററുകളുമെല്ലാം എങ്ങും നിറഞ്ഞത് കാഴ്ചക്ക് മിഴിവേകി.
സ്ഥാനാർഥിയെ അണി നിരത്തി തുറന്ന ജീപ്പും കാറും വാഹനങ്ങളുമെല്ലാം ശക്തിപ്രകടനമായി ഡിവിഷനുകളുടെ വിവിധ മേഖലകളിലൂടെ മുന്നേറിയപ്പോൾ പുഷ്പവൃഷ്ടിയുമായി വഴിയോരത്ത് അണികൾ കാത്തുനിന്നു. പൂമാലയിട്ടും ബൊക്കെ നൽകിയും സ്നേഹാഭിവാദ്യങ്ങൾ ചെയ്തും നൂറുകണക്കിനാളുകൾ ജയപിന്തുണ അറിയിക്കാനുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആഹ്ലാദ നൃത്തം നടത്തുന്ന കാഴ്ചയുമുണ്ടായി. കാവടിയാട്ടം, മുത്തുക്കുട തുടങ്ങിയ തുടങ്ങിയവയും ആഘോഷത്തിന് മിഴിവേകി. സംഘർഷ സാധ്യതകൾ മുന്നിൽകണ്ട് പൊലീസും കൊട്ടിക്കലാശ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു.
ഇന്ന് നിശബ്ദ പ്രചാരണം
ആരവങ്ങളും ബഹളങ്ങളുമില്ലാത്ത പ്രചാരണത്തിനാണ് തിങ്കളാഴ്ച നടക്കുക. ഉച്ചഭാഷിണിയോ മൈക്ക് അനൗൺസ്മെന്റുകളോ ഉപയോഗിക്കാനാവില്ല, പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താനാവില്ല. തെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറുകളിലാണ് നിശബ്ദ പ്രചാരണം മുന്നേറുക. ആളുകൂടിയുള്ള പ്രചാരണങ്ങൾക്കെതിരെയും നടപടി വരും. അതിനാൽ സ്ഥാനാർഥി നേരിട്ട് വീടുകളിലെത്തിയുള്ള പ്രചാരണങ്ങളും ഫോണിലൂടെയുള്ള വോട്ടുതേടലുകളുമായിരിക്കും തിങ്കളാഴ്ച നടക്കുക.
ഇതാ...പൊളി വൈബ്
കോർപറേഷൻ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ കലാശക്കൊട്ട് പച്ചാളത്ത് ആവേശക്കാഴ്ചയൊരുക്കി. പച്ചാളം മേൽപ്പാലത്ത് ഒരു വശത്ത് എൽ.ഡി.എഫും മറുവശത്ത് യു.ഡി.എഫും കൊട്ടിക്കലാശിച്ചു. പാലാരിവട്ടം, കറുകപ്പിള്ളി തുടങ്ങിയ മേഖലകളിലും മുന്നണികൾ അടുത്തടുത്തായാണ് പ്രചാരണക്കലാശം നടത്തിയത്. യു.ഡി.എഫിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണത്തിന്റെ കൊടിയിറക്കം അരങ്ങേറിയത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസും സ്ഥലത്തെത്തി.
കങ്ങരപ്പടിയിലായിരുന്നു ജില്ലയുടെ മന്ത്രി കൂടിയായ പി. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രചാരണ സമാപനം അരങ്ങേറിയത്. തൃപ്പൂണിത്തുറയിൽ എൻ.ഡി.എയുടെ കൊട്ടിക്കലാശവും ശക്തി പ്രകടിപ്പിക്കുന്നതായി.
വോട്ടുചെയ്യാൻ എല്ലാം സെറ്റ്...
വോട്ടെടുപ്പിനുള്ള എല്ലാ സന്നാഹങ്ങളും ജില്ലയിൽ ഒരുങ്ങിയിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ജില്ല കലക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ജില്ലയിലാകെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 28 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 2220 വാർഡുകളിലായി 3021 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 7490 ബാലറ്റ് യൂനിറ്റുകളും 3036 കൺട്രോൾ യൂനിറ്റുകളും തെരഞ്ഞെടുപ്പിനായി കമ്മീഷൻ ചെയ്ത് സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികൾ തിങ്കളാഴ്ച പോളിങ് ഉദ്യോഗസ്ഥർ കൈപ്പറ്റി അതാത് പോളിങ് സ്റ്റേഷനുകളിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

