കൊച്ചി: തൃക്കാക്കരയിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പുവരുത്തുമെന്നതടക്കം ഉൾപ്പെടുത്തി എൽ.ഡി.എഫ് പ്രകടനപത്രിക. തൃക്കാക്കരയെ മാലിന്യമുക്ത പ്രദേശമാക്കും. മെട്രോ വിപുലീകരിച്ച് യാത്രക്ലേശം പരിഹരിക്കും. കെ-ഫോൺ പദ്ധതിയിലൂടെ മണ്ഡലത്തിൽ ചെലവ് കുറഞ്ഞ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തുമെന്നും നിർധനർക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തുതിയൂർ -എരൂർ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. തമ്മനം -പുല്ലേപ്പടി റോഡ് സീപോർട്ട് റോഡുമായി ബന്ധിപ്പിക്കൽ, കാക്കനാട് -തങ്കളം റോഡ് പദ്ധതി, കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത തുടങ്ങിയവ അടിയന്തരമായി പൂർത്തിയാക്കും. കാക്കനാട് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ സ്ഥാപിക്കാൻ ഇടപെടൽ നടത്തും. റെയിൽ മേൽപാലങ്ങളുടെ നിർമാണത്തിന് സമ്മർദം ചെലുത്തും. ഇടപ്പള്ളി തോട് വെള്ളക്കെട്ട് നീക്കി ഗതാഗത യോഗ്യമാക്കും. ഇൻഫോപാർക്ക് തുടർ വികസനവും പശ്ചാത്തലസൗകര്യ വികസനവും ഉറപ്പുവരുത്തും. കാക്കനാട്ടുനിന്ന് രാത്രികാല സർവിസ് ആരംഭിക്കും. കാക്കനാട് ജില്ല ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി സ്ഥാപിക്കും. ഓരോ വില്ലേജിലും ഒരു കളിസ്ഥലം വീതം സ്ഥാപിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ ഓവർ ഹെഡ് ടാങ്കുകൾ സ്ഥാപിക്കും.
കെ-റെയിലും മെട്രോയും വാട്ടർ മെട്രോയും ഒന്നിക്കുന്ന ഒരു ട്രാവൽ ഹബായി തൃക്കാക്കരയെ മാറ്റും. വിനോദ- വാണിജ്യ കേന്ദ്രമായി തൃക്കാക്കരയെ മാറ്റാൻ ബ്ലിസ് സിറ്റി യാഥാർഥ്യമാക്കും. വെള്ളക്കെട്ട് പരിഹരിക്കും ഗാർഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവർക്ക് സൗജന്യ നിയമ സഹായ വേദി രൂപവത്കരിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളതും നിർമാണത്തിലുള്ളതുമായ പല പദ്ധതികളുടെയും വേഗത്തിലുള്ള പൂർത്തീകരണമാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.