നോക്കുകുത്തിയായി റവന്യൂ അധികൃതർ ; ഇടക്കൊച്ചിയിൽ ഭൂമാഫിയ തണ്ണീർതടം നികത്തുന്നു
text_fieldsഇടക്കൊച്ചിയിൽ റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം കെട്ടിടാവശിഷ്ടങ്ങളിട്ട് നികത്തുന്നു
പള്ളുരുത്തി: സബ് കലക്ടർ ഇടപെട്ടിട്ടും ഭൂമാഫിയ റവന്യൂ അധികൃതരെ നോക്കുകുത്തിയാക്കി ഇടക്കൊച്ചിയിൽ തണ്ണീർതടം നികത്തുന്നു. കഴിഞ്ഞയാഴ്ച ഇടക്കൊച്ചി വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയ ഭൂമിയാണിത്. പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വകവെക്കാതെ ജോലിയുമായി മുന്നോട്ട് പോകുകയാണ്. സ്റ്റോപ് മെമ്മോ നൽകിയതിന് ശേഷം സംഭവം ഫോർട്ട്കൊച്ചി സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫിസർ പറഞ്ഞു. രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്ന പ്രദേശത്താണ് നികത്തുന്നത്. തണ്ണീർതടത്തിനു കുറുകെ കോൺക്രീറ്റ് ഭിത്തികൾ കെട്ടി വിഭജിച്ചിരിക്കുകയാണ്.
ഒരേക്കറോളം വരുന്ന തണ്ണീർത്തടം പൂഴിയും കെട്ടിടാവശിഷ്ടങ്ങളുമിട്ട് മൂടുകയാണ്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതിനാൽ തരം മാറ്റി നൽകുന്നതിന് അനുമതി നിഷേധിച്ച സ്ഥലം കൂടിയാണിത്. പ്രദേശത്ത് തന്നെ റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിട്ടുള്ള മറ്റുള്ള തണ്ണീർതടങ്ങളും നികത്തുന്നതായി പരാതിയുണ്ട്.
രണ്ട് മാസത്തിനിടെ ആറോളം ഇടങ്ങളിലാണ് നികത്തൽ നടന്നിട്ടുള്ളതെന്നാണ് പരാതികൾ. ഇവക്കെല്ലാം വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയതാണ്. രാത്രിയും പുലർച്ചയുമാണ് ഇത് നടത്തുന്നത്. അതിനാൽ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുറപോലെ നികത്തൽ നടക്കുന്നുണ്ടെങ്കിലും പൊലീസ് ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

