ഗ്യാസ് നിറക്കാൻ സൗകര്യം കുറവ്; പൊറുതിമുട്ടി സി.എൻ.ജി ഓട്ടോകൾ
text_fieldsകൊച്ചി: പെട്രോൾ, ഡീസൽ വിലവർധനയിൽ പൊറുതിമുട്ടി സി.എൻ.ജിയിൽ അഭയം തേടിയ ഒാട്ടോ തൊഴിലാളികൾക്കും രക്ഷയില്ല. സി.എൻ.ജി ഗ്യാസ് നിറക്കാൻ വേണ്ടത്ര സംവിധാനം ഇല്ലാത്തതിനാൽ അധിക കിലോമീറ്ററുകൾ ഓടേണ്ട അവസ്ഥയിലാണ് ഇവർ. ഇതുകൂടാതെ രണ്ടുവർഷം കൂടുേമ്പാൾ ഹൈേഡ്രാ ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും സി.എൻ.ജി ഓട്ടോ തൊഴിലാളികളെ കുഴക്കുന്നു. ജില്ലയിലും അയൽ ജില്ലകളിലുമായി 2000 സി.എൻ.ജി ഓട്ടോകളാണ് ഓടുന്നത്. എന്നാൽ, സി.എൻ.ജി പമ്പുകളുടെ എണ്ണം ആറെണ്ണമാണ്. ആലുവയിൽ രണ്ട്, ഇടപ്പള്ളി, കുണ്ടന്നൂർ, ചക്കരപ്പറമ്പ്, പേട്ട എന്നിവിടങ്ങളിൽ ഒാരോ പമ്പുകളുമാണ് ജില്ലയിലുള്ളത്. ഒരുകിലോ 57 രൂപ നിരക്കാണ് നിലവിൽ സി.എൻ.ജിക്ക്. 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നതിനാൽ ഇന്ധന വിലവർധനവിെൻറ കാലത്ത് അൽപം ആശ്വാസമാണ് സി.എൻ.ജി ഓട്ടോകൾ. ഗ്യാസ് നിറക്കാൻ ആവശ്യമായ സൗകര്യം എത്രയും വേഗം ഒരുക്കിയില്ലെങ്കിൽ സി.എൻ.ജി ഓട്ടോകൾ വിൽക്കുന്ന ഷോപ്പുകൾക്ക് മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് (എ.ഐ.യു.ഡബ്ല്യു.സി) ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഗ്യാസ് നിറക്കുന്ന സിലിണ്ടറിെൻറ സുരക്ഷിതത്വം പരിശോധിക്കുന്ന ഹൈഡ്രോ ടെസ്റ്റ് അഞ്ചുവർഷം കൂടുേമ്പാൾ നടത്തിയാൽ മതിയെന്നാണ് ഓട്ടോ വാങ്ങുേമ്പാൾ കമ്പനി അറിയിച്ചിരുന്നത്. എന്നാൽ, ഒരാഴ്ച മുമ്പ് രണ്ടുവർഷമാക്കി കുറച്ചുകൊണ്ട് കമ്പനിയുടെ അറിയിപ്പ് എത്തി. ഇതോടെ ടെസ്റ്റിനായി ചേരാനെല്ലൂർ സൗത്തിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ 6000 രൂപ ചെലവ് വരുമെന്ന് പറഞ്ഞതായും പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ ഈ തുക കണ്ടെത്താൻ കഴിയില്ലെന്നും ജില്ല പ്രസിഡൻറ് റഷീദ് താനത്ത് പറഞ്ഞു. ടെസ്റ്റ് നടത്തിയില്ലെങ്കിൽ ഗ്യാസ് ലഭിക്കില്ലെന്ന് അറിയിച്ചതോടെ ഇരുട്ടടി ലഭിച്ച അവസ്ഥയിലാണ് തൊഴിലാളികൾ.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എക്സ്. സേവ്യർ, ജില്ല ഭാരവാഹികളായ സക്കീർ തമ്മനം, പി.എ. ജമാൽ, പി.വി. ജെറോമി, ടി.സി. സണ്ണി, ഉണ്ണി വടുതല, അഭിലാഷ് സെൽവരാജ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.