പുരസ്കാര നിറവിൽ കുട്ടമശ്ശേരി യുവജന വായനശാല
text_fieldsകുട്ടമശ്ശേരി യുവജന വായനശാല
കീഴ്മാട്: കുട്ടമശ്ശേരി ഗ്രാമത്തിന്റെ വെളിച്ചമായ യുവജന വായനശാല താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടമശ്ശേരിയിലെ ഒരു പഴയ ചായക്കടയിൽ 1948 ഒക്ടോബർ 11ന് കൂടിയ യോഗത്തിലാണ് വായനശാലയുടെ പിറവി. വി.പി. പരമേശ്വരപിള്ള വട്ടപ്പിള്ളി പ്രസിഡന്റും കെ.ആർ. ശിവശങ്കരൻ നായർ കരവട്ട് സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് വായനശാലക്ക് ചുക്കാൻ പിടിച്ചത്.
പി.കെ. നാരായണപിള്ള പുത്തൻപുരയായിരുന്നു ആദ്യകാല ലൈബ്രറിയൻ. 1949 ൽ ഒന്നേകാൽ രൂപ പ്രതിമാസ വാടകക്ക് ലഭിച്ച മുറിയിലാണ് പ്രവർത്തനം ആരംഭിച്ചത്. 1950ൽ കുട്ടമശ്ശേരി മനക്കലിലെ പരമേശ്വരൻ ദാമോദരൻ നമ്പൂതിരിപ്പാട് വായനശാലക്ക് ആവശ്യമായ സ്ഥലം കവലയിൽ തന്നെ സംഭാവനായി നൽകി. പണിയുന്നതിന് ആവശ്യമായ തടികളും നല്ലൊരു തുകയും കൈമാറി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകനായിരുന്ന പി.ജെ. തോമസാണ് ശിലാസ്ഥാപനം നടത്തിയത്.
1952 ഡിസംബർ 12ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വായനശാല സന്ദർശിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, തിരുകൊച്ചി മുഖ്യമന്ത്രി എ.ജെ. ജോൺ, ചീഫ് സെക്രട്ടറി വി.എൻ. രാജൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നെഹ്റുവിന് നൽകിയ സ്വീകരണം ചരിത്രത്തിന്റെ ഭാഗമാണ്. 1952 ഡിസംബർ 12ന് ഹൈറേഞ്ചിലേക്കുള്ള യാത്രാമധ്യേ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന നെഹ്റു കുടുംബത്തെ സ്വീകരിക്കാൻ വായനശാല പ്രസിഡന്റ് ഡബ്ലിയു.ഒ. ജോർജും സഹപ്രവർത്തകരും കുറെ കുട്ടികളുമായി കാത്തുനിന്നു. കുട്ടികളെ കണ്ട നെഹ്റു വാഹനം നിർത്തി അവരോട് കുശലം പറഞ്ഞ് വായനശാലയിൽ വിശ്രമിക്കുകയും ചെയ്തു.
2510 അംഗങ്ങളുള്ള എ ഗ്രേഡ് ലൈബ്രറിയാണിത്. ഇരുപതിനായിരത്തിൽ അധികം നോവലുകൾ, ലേഖനങ്ങൾ, കഥകൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഈ വായനശാലയിൽ നിലവിലുണ്ട്. വയോജന വേദി, വനിതാവേദി, യുവവേദി, ബാലവേദി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ വി.വി. മന്മഥൻ പ്രസിഡൻറും ടി.ആർ. രജീഷ് വൈസ് പ്രസിഡൻറും പി.ബി. ബാബുരാജ് സെക്രട്ടറിയും ടി.കെ. അബ്ദുസ്സലാം ജോ. സെക്രട്ടറിയുമായ 11 അംഗ കമ്മിറ്റിയാണ് വായനശാലയുടെ അമരത്ത് പ്രവർത്തിക്കുന്നത്. ചന്ദ്രഹാസനാണ് ലൈബ്രേറിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

