ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവിസ്
text_fieldsകളമശ്ശേരി: ആലുവ-പറവൂർ റൂട്ടിലെയും ആലുവ- കാക്കനാട്- തൃപ്പൂണിത്തുറ റൂട്ടിലെയും രാത്രികാല യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങും.
മന്ത്രി പി. രാജീവ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആലുവ-പറവൂർ റൂട്ടിൽ അധികമായി നാല് ബസുകൾ അനുവദിച്ചു. വൈകീട്ട് 7.45, 9.00, 9.30,10.20 സമയങ്ങളിലും ആലുവ-കളമശ്ശേരി- കാക്കനാട് വഴി തൃപ്പൂണിത്തുറയിലേക്ക് വൈകീട്ട് 7.40, 8.10 സമയങ്ങളിൽ രണ്ടു ബസും സർവിസ് നടത്തും.
മുമ്പ് നടത്തിയ ചർച്ചയുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് ദീർഘദൂര സർവിസുകൾ ആരംഭിച്ചതായും ഗതാഗതമന്ത്രി അറിയിച്ചു. ഹരിപ്പാടുനിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ് ദീർഘദൂര സർവിസ് ആരംഭിച്ചത്.
മേയ് മാസം അഞ്ച് ബസുകൾ അധികമായി മണ്ഡലത്തിലെ ഗതാഗത ആവശ്യങ്ങൾക്കായി അനുവദിക്കും. ഇത് ഉപയോഗിച്ച് പുതിയ റൂട്ടുകൾ ആരംഭിക്കും. കൂടാതെ കളമശ്ശേരി സിറ്റി സർക്കുലർ സർവിസും ആരംഭിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

