തേരയിൽ വനിതകൾ പോളിങ് നിയന്ത്രിക്കും
text_fieldsസർഗാത്മക ചിത്രം
കോതമംഗലം: ജില്ലയിലെ വിദൂര ബൂത്തുകളിലൊന്നായ തേരയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക വനിത ഉദ്യോഗസ്ഥർ. പെരുമ്പാവൂർ ആശ്രമം ഹൈസ്കൂൾ അധ്യാപിക സിബി റെയ്ച്ചൽ തോമസാണ് പ്രിസൈഡിങ് ഓഫിസർ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ കെ.എ. നിഷ ഫസ്റ്റ് പോളിങ് ഓഫിസർ. സി.എം. ഷാമില, കെ.എച്ച്. ഷെജിന എന്നിവരാണ് മറ്റു ചുമതലകൾ വഹിക്കുക.
ചൊവ്വാഴ്ച പോളിങ് ബൂത്ത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചപ്പോഴാണ് തേര കുടിയെ കുറിച്ച് ഇവർ കേൾക്കുന്നത്. ഗൂഗിളിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആശങ്കയോടെയാണ് എം.എ കോളജിലെ പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിലെത്തിയത്. വനമേഖലയിലെ ബൂത്താണ് എന്നറിഞ്ഞത് ഇവിടെവെച്ചാണ്.
ഡ്യൂട്ടിയിൽനിന്ന് പിന്മാറണമോ എന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥനായി ആലുവ എസ്.പി സ്ക്വാഡിലെ ആർ. ശ്യംകുമാർ കൂടി ചേർന്നതോടെ പിന്മാറാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ഉച്ചക്ക് രണ്ടുമണിയോടെ ബ്ലാവനയിലെത്തി ഇവർ ചങ്ങാടത്തിൽ മറുകര കടന്ന് ഒന്നര മണിക്കൂർകൂടി കാനന പാതയിലൂടെ സഞ്ചരിച്ചാണ് തേരയിലെ കമ്യൂണിറ്റി ഹാളിൽ ബൂത്ത് ഒരുക്കാൻ എത്തിയത്. മൊബൈൽ റേഞ്ച് ലഭിക്കാത്ത ഇവിടെ താൽകാലിക വയർലെസ് സംവിധാനവുമായാണ് സംഘം എത്തിയത്. 54 വോട്ടുകളാണ് ഇവിടെയുള്ളത്. വോട്ടിങ് നേരത്തെ പൂർത്തിയായാലും നിശ്ചിത സമയത്തിനുശേഷം രാത്രി വൈകിയേ മടങ്ങാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

