പൊതു ടാപ്പ് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതിൽ വ്യാപക പ്രതിഷേധം
text_fieldsകോതമംഗലം മാർക്കറ്റിലെ പൊതു ടാപ്പ് വിച്ഛേദിച്ചതിനെതിരെ എ.ഐ.വൈ.എഫ് റീത്ത് സമർപ്പിച്ചപ്പോൾ
കോതമംഗലം: മാർക്കറ്റിലെ ജനങ്ങൾക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപയോഗപ്രദമായിരുന്ന പൊതു ടാപ്പ് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതിൽ പ്രതിഷേധം വ്യാപകം. ജലവിഭവ വകുപ്പിന് പൊതു ടാപ്പിലെ ജല ഉപയോഗത്തിന് ഒരുകോടിയിലധികം രൂപ കുടിശ്ശിക വന്നതോടെയാണ് നഗരസഭ പരിധിയിലെ പൊതു ടാപ്പുകൾ നിർത്താൻ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചത്.
നഗരസഭ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മാർക്കറ്റിലെ ടാപ്പിലേക്കുള്ള ബന്ധം വിച്ഛേദിച്ചത്. തൊഴിലാളികളും വ്യാപാരികളും പ്രതിഷേധിച്ചെങ്കിലും ടാപ്പ് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായില്ല. മീറ്റർ വെച്ച് വെള്ളത്തിന് കരം നൽകാൻ തയാറായാൽ ടാപ്പ് നൽകാമെന്നാണ് ജലവിഭവ വകുപ്പ് നിലപാട്. അധിക ബാധ്യത ഏൽക്കാൻ തയാറല്ലെന്ന നിലപാടിലാണ് നഗരസഭ അധികൃതർ. എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം സെക്രട്ടറി എൻ.യു. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിതിൻ കുര്യൻ, മേഖല സെക്രട്ടറി ഷഫീഖ് മുഹമ്മദ്, പി.ജെ. ഷിജോ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സ്നോബി ജോയ്, ലൈജു കുഞ്ഞപ്പൻ, കെ.എം. അജേഷ് എന്നിവർ സംസാരിച്ചു.

