അപകടക്കെണിയൊരുക്കി ജല അതോറിറ്റി; ടാറിട്ടാൽ പൊളിക്കും...!
text_fieldsടാറിട്ട റോഡ് തകർന്ന നിലയിൽ
കോതമംഗലം: ടാറിട്ടാൽ എന്തെങ്കിലും കാരണം പറഞ്ഞ് റോഡ് കുത്തിപ്പൊളിക്കുന്നത് ഹരമാക്കി ജല അതോറിറ്റി. നവീകരണം പൂർത്തിയാക്കി മൂന്ന് മാസം മുമ്പ് കോൺക്രീറ്റ് ചെയ്ത കോതമംഗലം-പോത്താനിക്കാട് റോഡാണ് ഒടുവിൽ കുത്തിപ്പൊളിച്ചത്.
കോതമംഗലത്തുനിന്ന് പോത്താനിക്കാടിന് പോകുന്ന ജില്ല റോഡിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. ബി.എംബി.സി നിലവാരത്തിലാണ് ടാറിങ്. നിർമാണം പൂർത്തീകരിച്ച റോഡ് വശങ്ങളിലെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും ടാർ ചെയ്ത ഭാഗങ്ങളുമാണ് ജല അതോറിറ്റി കുത്തിപ്പൊളിച്ചിരിക്കുന്നത്.
പുതിയ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനെന്ന പേരിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതോടൊപ്പം റോഡിന് വീതികുറഞ്ഞ ഭാഗങ്ങളിലും വളവുകളിലും താഴ്ത്തിയിട്ടിരിക്കുന്ന കുഴികൾ അപകടക്കെണിയായി മാറിയിട്ടുണ്ട്. ഇവ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ജീവന് ഭീഷണിയാകും വിധമാണെന്ന് വ്യാപക ആക്ഷേപമുണ്ട്. നവീകരണം പൂർത്തിയായി മാസങ്ങൾ മാത്രം പിന്നിട്ട റോഡ് കുത്തിപ്പൊളിച്ച ജല അതോറിറ്റിയുടെ നടപടിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.