രേഖകളില്ലാതെ യാത്ര; ആനയും വാഹനവും കസ്റ്റഡിയിൽ
text_fieldsവനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ പെരുമ്പാവൂരിൽ എത്തിച്ചപ്പോൾ
കോതമംഗലം: നാട്ടാന പരിപാലന നിയമപ്രകാരം മതിയായ രേഖകളില്ലാതെ ലോറിയിൽ കയറ്റിക്കൊണ്ടുപോയ ആനയെയും വാഹനവും തലക്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു.
വാഹനം തലക്കോട് ചെക്ക് പോസ്റ്റിൽ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വനപാലകർ പിന്തുടർന്ന് വില്ലാഞ്ചിറയിൽ തടഞ്ഞ് തിരികെ ചെക്ക്പോസ്റ്റിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
ആനയെ കയറ്റിവന്ന വാഹനത്തിന് വനം വകുപ്പിന്‍റെ പെർമിറ്റ് കാലാവധി കഴിഞ്ഞെന്നും ആനയെ ലോറിയിൽ കയറ്റി യാത്രചെയ്യിക്കാനുള്ള രേഖകൾ ഇല്ലെന്നും ആനക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് വാഹനവും ആനയെയും കസ്റ്റഡിയിലെടുത്തതെന്ന് തലക്കോട് ബീറ്റ് ഫോറസ്റ്റ് ഓഫിസർ അനിത്ത് പറഞ്ഞു.
പിടികൂടിയ വാഹനവും ആനയെയും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറി. തുടർന്ന് നാട്ടാന പരിപാലന നിയമപ്രകാരം ആനയുടെ ഉടമക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.