മാവേലി സൂപ്പർ മാർക്കറ്റിൽ മോഷണം; പ്രതി പിടിയിൽ
text_fieldsകോതമംഗലം: മാവേലി സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാനാണ് (45) പിടിയിലായത്. കഴിഞ്ഞമാസം നെല്ലിക്കുഴി പഞ്ചായത്ത് പടിയിലെ മാവേലി സൂപ്പർ മാർക്കറ്റിന്‍റെ ഷട്ടർ കുത്തിത്തുറന്ന് കൗണ്ടറിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരിൽനിന്നാണ് പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷാജഹാൻ. മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടനെയാണ് നെല്ലിക്കുഴിയിലെ മോഷണം.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ കെ.എസ്. ഹരിപ്രസാദ്, അജി, എ.എസ്.ഐമാരായ കെ.എം. സലിം, എം.എം. റെജി, എസ്.സി.പി.ഒമാരായ ടി.ആർ. ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.