എ.ഐ കാമറ കേബിളുകൾ നശിപ്പിച്ച ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു
text_fieldsകോതമംഗലം: ആലുവ-മൂന്നാർ റോഡിൽ രണ്ടിടങ്ങളിൽ എ.ഐ കാമറ കേബിളുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. കേബിളുകൾ നശിപ്പിയ്ക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ആലുവ-മൂന്നാർ റോഡിൽ നെല്ലിക്കുഴി നങ്ങേലിപ്പടിയിലും നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് എതിർ വശവും സ്ഥാപിച്ച ക്യാമറകളുടെ കേബിളുകളാണ് നശിപ്പിച്ചത്.
നവംബർ ഏഴിന് പുലർച്ചെയാണ് കേബിളുകൾ നശിപ്പിയ്ക്കപ്പെട്ടതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആദ്യം മൊബൈലിന്റെ ടോർച്ച് തെളിച്ച് ക്യാമറ പരിശോധിച്ച ശേഷമാണ് കേബിൾ പൊട്ടിക്കാൻ യുവാക്കളിൽ ഒരാൾ ശ്രമം ആരംഭിയ്ക്കുന്നത്. ഒരാൾ തൊപ്പിധരിച്ചിട്ടുണ്ട്. രണ്ടാമൻ തലവഴി തോർത്ത് മൂടിയാണ് എത്തിയത്. ഇവരിൽ ഒരാളുടെ മുഖം ഏറെക്കുറെ വ്യക്തമായി കാണാം.
വീഡിയോ പുറത്തുവന്നതിനാൽ രണ്ടുപേരെയും ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ 04852862328, 9497987125 എന്നി നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

