യുവാക്കളുടെ വിയോഗം; കണ്ണീരിലായി നാട്
text_fieldsകോതമംഗലം: സന്തോഷങ്ങളുടെ ദിനരാത്രങ്ങൾക്ക് പിന്നാലെ ഒരു നാടിനെ കാത്തിരുന്നത് താങ്ങാനാകാത്ത ദുരന്തത്തിന്‍റെ വേദന. അപ്രതീക്ഷിത വിധിയിൽ വിറങ്ങലിച്ച കുടുംബങ്ങളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നാട്ടുകാർ. സഹോദരിയുടെ വിവാഹം നടന്നതിന്‍റെ പിറ്റേന്നാണ് അജ്മലിന്‍റെയും സുഹൃത്ത് അഭിജിത്തിന്‍റെയും വിയോഗം.
ഞായറാഴ്ചയായിരുന്നു, തങ്കളം ജവഹർ കോളനി കരിമല പുത്തൻപുരയ്ക്കൽ ഹംസയുടെ മകൾ ബിസ്മിയുടെയും മട്ടാഞ്ചേരി ഈരവേലി ചിരപ്പുറം ഹക്കിമിന്‍റെയും വിവാഹം.
തിങ്കളാഴ്ച രാവിലെ മട്ടാഞ്ചേരിയിലേക്ക് യാത്രതിരിച്ച ബിസ്മി തന്‍റെ മൊബൈൽ ഫോൺ എടുക്കാൻ മറന്നിരുന്നു. ബിസ്മിയുടെ ഇളയ സഹോദരൻ അജ്മൽ ഫോൺ സഹോദരിക്ക് കൊണ്ടുപോയി കൊടുക്കാൻ സുഹൃത്ത് അഭിജിത്തിനെയും കൂടെ കൂട്ടുകയായിരുന്നു. ഫോൺ കൈമാറി തിരികെ മടങ്ങുന്നതിനിടെ രാത്രി 10.30ന് വില്ലിങ്ടണിൽ റോഡിലെ ഹംപിൽ കയറുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അജ്മൽ ആശുപത്രിയിൽ എത്തിയ ഉടൻ മരിച്ചു. സുഹൃത്ത് അഭിജിത് ചൊവ്വാഴ്ച രാവിലെ 11.30ഓടെ മരണത്തിന് കീഴടങ്ങി.
അജ്മലിന്‍റെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇളമ്പ്ര ജുമാമസ്ജിദിൽ ഖബറടക്കി. ആന്‍റണി ജോൺ എം.എൽ.എ, ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്‍റ് അബു മൊയ്തീൻ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഷറഫ്, പ്രവാസി സംഘം ജില്ല പ്രസിഡന്‍റ് സി.ഇ. നാസർ തുടങ്ങിയവർ വീട് സന്ദർശിച്ചു. അഭിജിത്തിന്‍റെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11.30 വീട്ടുവളപ്പിൽ സംസ്കരിക്കും.