കാട്ടാനക്കൂട്ടത്തിെൻറ ആക്രമണം; പോത്ത് ചത്തു, പ്രദേശവാസികൾ ഭീതിയിൽ
text_fieldsകാട്ടാനയുടെ ആക്രമണത്തിൽ ചത്ത പോത്ത്
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനകൾ പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തി. വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയിറങ്ങിയ കാട്ടാനകളാണ് പള്ളിക്കാപറമ്പിൽ ജോസഫിെൻറ രണ്ട് പോത്തുകളിൽ ഒന്നിനെ കൊന്നത്.
റബർ തോട്ടത്തിൽ കെട്ടിയിരുന്ന ഇവയെ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ചെറിയ പോത്ത് ആക്രമണത്തിൽ ഉടൻ ചത്തു. വലിയതിെൻറ ഒരു കൊമ്പ് ഊരിപ്പോയി. തുടകൾക്ക് കുത്തേൽക്കുകയും ചെയ്തു.
മലയാറ്റൂർ വനമേഖലയിൽ വരുന്ന കോട്ടപ്പാറയിൽനിന്ന് ജനവാസമേഖലകളായ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളിൽ രാത്രി കാട്ടാന ഇറങ്ങുന്നത് പതിവാണ്. എന്നാൽ, വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് അപൂർവമാണ്. വർഷങ്ങൾക്ക് മുമ്പ് രണ്ട് പോത്തുക്കളെ ആനകൾ കൊന്നിരുന്നു. പ്രദേശവാസികൾ ഭീതിയിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് ജെസി സാജു എന്നിവർ സ്ഥലം സന്ദർശിച്ചു.