പീസ് വാലിയുടെ 'ആടും കൂടും' പദ്ധതിക്ക് തുടക്കം
text_fieldsഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ ‘ആടും കൂടും’ പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം: ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ 'ആടും കൂടും' പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ടി.യു. കുരുവിള മുഖ്യാതിഥിയായി. ഇരുമലപ്പടി സ്വദേശി സുധാകരനാണ് ആദ്യ ഗുണഭോക്താവ്. മൂന്ന് ആട്ടിൻകുട്ടിയെയും ഒരു തള്ളയാടിനെയുമാണ് നൽകുന്നത്. കൂട് ഉൾപ്പെടെ 20,000 രൂപയാണ് പദ്ധതിച്ചെലവ്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സംവിധാനിച്ച ഓട്ടോറിക്ഷ, എൽ.ഇ.ഡി നിർമാണ യൂനിറ്റ്, സൈക്കിൾ റിപ്പയർ യൂനിറ്റ് എന്നീ പദ്ധതികളും ഭിന്നശേഷിക്കാർക്കായി പീസ് വാലി നൽകിയിട്ടുണ്ട്.
ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. പീസ് വാലി ഭാരവാഹികളായ പി.എം. അബൂബക്കർ, രാജീവ് പള്ളുരുത്തി തുടങ്ങിയവർ പങ്കെടുത്തു.

