ഇത് കെടുകാര്യസ്ഥതയുടെ സ്മാരകം!...
text_fieldsനിർമാണം പൂർത്തിയായ പാഴൂർമോളം കുടിവെള്ള പദ്ധതിയുടെ സംഭരണി
കോതമംഗലം: ജില്ല പഞ്ചായത്ത് 50 ലക്ഷം ചെലവിട്ട് നിർമിച്ച കുടിവെള്ള പദ്ധതി കമീഷൻ ചെയ്യുന്നില്ല. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാഴൂർമോളം കുടിവെള്ള പദ്ധതിയാണ് രണ്ടുവർഷം കഴിഞ്ഞിട്ടും തുടങ്ങാത്തത്. 50 ലക്ഷംരൂപ അനുവദിച്ച് നിർമാണം ആരംഭിച്ച് രണ്ട് വർഷം പൂർത്തിയായിട്ടും ഒരു മോട്ടോർപോലും ഈ പദ്ധതിക്കുവേണ്ടി സ്ഥാപിച്ചിട്ടില്ല. വൈദ്യുതി കണക്ഷനും എടുത്തിട്ടില്ല.
നെല്ലിക്കുഴി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാഴൂർമോളത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളവും കിട്ടാക്കനിയായി തുടരുന്നു. സ്വതന്ത്ര കുടിവെള്ള പദ്ധതിക്ക് നാഥനില്ലാതെ അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ലക്ഷങ്ങളുടെ നികുതിപ്പണം പാഴാക്കിയ നടപടി വിജിലൻസ് അന്വേഷിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
എത്രയും വേഗം പദ്ധതി കമീഷൻ ചെയ്യണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് അജീബ് ഇരമല്ലൂർ അറിയിച്ചു.

