റോഡരികിൽ തള്ളിയ മാലിന്യം വീടുകളിൽ തിരിച്ചെത്തിച്ച് പഞ്ചായത്ത് അധികൃതർ
text_fieldsആയക്കാട് മരോട്ടിച്ചുവട്ടിൽ എം.സി.എഫിന് സമീപം മാലിന്യം തള്ളിയ നിലയിൽ
കോതമംഗലം: റോഡരികിൽ തള്ളിയ മാലിന്യം ഉടമസ്ഥരുടെ വീട്ടിൽ എത്തിച്ച് പഞ്ചായത്ത് അധികൃതർ. പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് മരോട്ടിച്ചുവട്ടിൽ മാലിന്യം റോഡരികിൽ തള്ളിയവരെയാണ് കാമറയിലൂടെ കണ്ടെത്തിയത്. തുടർന്ന്, മാലിന്യം ഇവരുടെ വീടുകളിൽ പഞ്ചായത്ത് അധികൃതർ തിരികെയെത്തിക്കുകയായിരുന്നു.
ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിക്കാനുള്ള മിനി എം.സി.എഫിന് സമീപമാണ് രാത്രിയിൽ രണ്ട് പേർ ഓരോ ചാക്ക് മാലിന്യം തള്ളിയത്. നേരത്തേ ഇവിടെ മാലിന്യം കുന്നുകൂടിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പഞ്ചായത്ത് അധികൃതർ ഇവ നീക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഇത് വകവെക്കാതെ വീണ്ടും മാലിന്യം തള്ളുകയായിരുന്നു.
മുന്നറിയിപ്പ് ബോർഡിനൊപ്പം സമീപത്ത് കാമറ സ്ഥാപിച്ചത് മാലിന്യം തള്ളിയവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മാലിന്യം തള്ളിയവരിൽ നിന്ന് പിഴ ഈടാക്കുമെന്നും നേരത്തേ ഇവിടെ മാലിന്യം തള്ളിയവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

