എം.എ എൻജിനീയറിങ് കോളജിന് ഡയമണ്ട് ജൂബിലി
text_fields
കോതമംഗലം: എം.എ എൻജിനീയറിങ് കോളജ് ഡയമണ്ട് ജൂബിലി നിറവിൽ. 1953ൽ രൂപവത്കൃതമായ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന് കീഴിൽ 1961ൽ ആരംഭിച്ച മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് കേരളത്തിലെ ആദ്യത്തെ ആറ് എൻജിനീയറിങ് കോളജുകളിൽ ഒന്നാണ്.
അത്യപൂർവ നേട്ടങ്ങളുമായാണ് കോളജ് 60 വർഷം പിന്നിടുന്നത്. ഒരുവർഷം നീളുന്ന ആഘോഷഭാഗമായി നവംബർ 26 മുതൽ ഡിസംബർ മൂന്നുവരെ നീളുന്ന 'വജ്രമോസ്' ശാസ്ത്രസാങ്കേതിക പ്രദർശനം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ദേശീയ സെമിനാറുകൾ, വിവിധ സാംസ്കാരിക പരിപാടികൾ, ഗ്ലോബൽ അലുമ്നി മീറ്റ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക പ്രദർശനത്തിൽ പൊതുമേഖല സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ് യാർഡ്, സി.ഡാക്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, വ്യവസായ വകുപ്പ്, എക്സസ് വകുപ്പ്, ബാം കോർപറേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്.
വിവിധ ബ്രാഞ്ചുകളിലെ എൻജിനീയറിങ് വിദ്യാർഥികൾ രൂപം കൊടുത്ത മുപ്പതോളം റോബോർട്ടുകളും തയാറായി വരുന്നു. 150ൽപരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർഥികൾ പ്രദർശനത്തിനായി തയാറാക്കിയിട്ടുള്ളത്. കോളജിന്റെ വിവിധ ലബോറട്ടറികളും പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി തയാറായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ പ്രോജക്ടുകളും പ്രദർശനത്തിനുണ്ട്. വൈകുന്നേരങ്ങളിൽ കലാസന്ധ്യയും അരങ്ങേറും. ശാസ്ത്ര-സാങ്കേതിക പ്രദർശനത്തിനൊപ്പം 50ഓളം വിപണന സ്റ്റാളുകളും ഭക്ഷണസ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ, ഹെലികോപ്റ്റർ യാത്ര എന്നിവയും തയാറാക്കിയിട്ടുണ്ട്.