കത്ത് വിവാദം: സി.പി.എം സംസ്ഥാന നേതാക്കൾ കോതമംഗലത്തേക്ക്
text_fieldsകോതമംഗലം: ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നെല്ലിക്കുഴി ഡിവിഷൻ അംഗം സമൂഹമാധ്യമത്തിലിട്ട കുറിപ്പിനെ തുടർന്നുണ്ടായ കത്ത് വിവാദം ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന നേതാക്കൾ കോതമംഗലത്തേക്ക്.
ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് നെല്ലിക്കുഴിയിലെ സി.പി.എം പ്രവർത്തകർ രംഗത്തുവന്നു.
ഇതോടെ സമൂഹ മാധ്യമത്തിലെ കുറിപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ റോഡ് വികസനവുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കി നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോക്കൽ കമ്മിറ്റി നേതൃത്വത്തിന്റെ കഴിഞ്ഞ 10 വർഷത്തെ വഴിവിട്ട പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ഏരിയ നേതൃത്വത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം കത്ത് നൽകി. ഒപ്പം പാർട്ടി അംഗത്വവും സ്ഥാനങ്ങളും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
ഏരിയ നേതൃത്വം ഇത് ചർച്ചക്കെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നെല്ലിക്കുഴിയിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും നിലവിലെ ജില്ല സെക്രട്ടേറിയറ്റ് അംഗവും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ വിവരിച്ച് ഏരിയ കമ്മിറ്റി അംഗങ്ങൾക്കും ജില്ല സംസ്ഥാന നേതൃത്വങ്ങൾക്കും കത്തുകൾ അയച്ചത്. കത്ത് ലഭിച്ചെന്ന മറുപടിക്കുറിപ്പ് ലഭിക്കുമ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി തന്റെ പേരിൽ കത്തുകൾ നേതൃത്വത്തിന് പോയതറിയുന്നത്.
അശമന്നൂർ-നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയായ മേതലയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലെ കമീഷൻ ഇടപാടുകളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ അകലുന്നതിനിടയാക്കിയത്.
കമീഷൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഭൂമി ഉടമസ്ഥർ സംസ്ഥാന സെക്രട്ടറിക്കും ജില്ല നേതൃത്വത്തിനും പരാതി നൽകിയിട്ട് മാസങ്ങളേറെയായി. ഇതിനുപുറമെ രണ്ടാംവാർഡിലെ പാറമടയിൽ ആശുപത്രി മാലിന്യം തള്ളിയത് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാറമട ഉടമസ്ഥരോടും മാലിന്യം തള്ളിയവരോടും പണംവാങ്ങി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതും മറ്റൊരു പരാതിയായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് കത്ത് വിവാദം.
പാർട്ടി നേതൃത്വത്തിന് ഇത്തരം പരാതികൾ നൽകിയതിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്ള വ്യക്തിബന്ധങ്ങളാണെന്നാണ് കരുതുന്നത്. നെല്ലിക്കുഴിയിലെ പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങളും ജില്ല സെക്രട്ടേറിയറ്റ് അംഗത്തിനും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെയുള്ള പ്രത്യാരോപണങ്ങളും വിശദമായി ചർച്ചചെയ്ത് പരിഹരിക്കുന്നതിന് ഈമാസം അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാന നേതാക്കൾ കോതമംഗലത്ത് എത്തും.