പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
text_fieldsപുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ റോസി
കോതമംഗലം: കോട്ടപ്പടി പ്ലാമുടിയിൽ വീട്ടമ്മക്ക് നേരെ പുലിയുടെ ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് പ്ലാമൂടി ചേറ്റൂർ മാത്യുവിെൻറ ഭാര്യ റോസിയെയാണ് (59) പുലി ആക്രമിച്ചത്.
വീടിന് സമീപത്തെ പുരയിടത്തിലെ മഞ്ഞൾ കൃഷിയിടത്തിൽെവച്ചാണ് ആക്രമണം ഉണ്ടായത്. മഞ്ഞളിൽ അനക്കം കണ്ടതിനെ തുടർന്ന് നോക്കിയപ്പോൾ പുലി റോസിയുടെ നേരെ കുതിച്ചു വരികയായിരുന്നു. ഇടതു കൈയിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറിവുണ്ട്. വലത് കൈക്കും പരിക്കേറ്റു. പുലി സമീപത്തെ കനാൽ കടന്ന് രക്ഷപ്പെട്ടു.
പരിേക്കറ്റ റോസിലിയെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റി. രണ്ടാഴ്ചയായി പ്ലാമുടി, കണ്ണക്കട പ്രദേശങ്ങളിൽ വളർത്ത് മൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം തുടങ്ങിയിട്ട്.
ആദ്യം കോഴികളെ ആക്രമിച്ചതിനാൽ കാട്ട് പൂച്ചയാണെന്നായിരുന്നു വനംവകുപ്പധികൃതരുടെ നിഗമനം. പിന്നീട് വളർത്ത് നായ്ക്കളെ പിടികൂടാൻ തുടങ്ങിയതോടെ പുലിക്ക് സമാനമായ ജീവിയാകാം എന്ന നിഗമനത്തിലെത്തി. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ പുലിയെ പിടികൂടാൻ കെണി സ്ഥാപിച്ചെങ്കിലും ഇരയെ വെച്ചിരുന്നില്ല. ഇരയെ വെച്ച് ഒരാഴ്ചയോടടുക്കുമ്പോഴാണ് പുലി പകൽ വീട്ടമ്മയെ ആക്രമിച്ചിരിക്കുന്നത്.