മണിക്കിണർ-വാളാച്ചിറ പ്രദേശത്ത് അടിക്കടി മോഷണശ്രമം; നാട്ടുകാർ ഭീതിയിൽ
text_fieldsകോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗത്ത് മോഷണവും മോഷണശ്രമവും പതിവാകുന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിൽ. ഏതാനും മാസം മുമ്പ് കാഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയുടെ വീട്ടിൽ നിന്നും 20 പവൻ മോഷണം പോയിരുന്നു.
ഊന്നുകൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒരുമാസത്തിനുള്ളിൽ നാലോളം വീടുകളിൽ മോഷണശ്രമം നടന്നു. വാളാച്ചിറ തെക്കുംചേരി അലിയാർ, മൂക്കടയിൽ ഹുസൈൻ എന്നിവരുടെ വീടുകളിലും മോഷണ ശ്രമമുണ്ടായി. കഴിഞ്ഞ അർധരാത്രി ഒന്നരയോടെ ട്രേഡ് യൂനിയൻ സംസ്ഥാന നേതാവ് മനോജ് ഗോപിയുടെ വീടിെൻറ താഴത്തെ നിലയിലെ അടുക്കള വാതിൽ പൊളിക്കാൻ മോഷ്ടാക്കൾ നടത്തിയ ശ്രമം വിഫലമായി.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഇരുളിൽ ഓടി മറഞ്ഞു. അപ്പോൾ തന്നെ ഊന്നുകൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. വാളാച്ചിറ പുഴ തീരങ്ങളിലെ കടവുകളിലും വെള്ളാരമറ്റം പാലത്തിനു സമീപത്തുമെല്ലാം രാത്രി അജ്ഞാതർ തമ്പടിക്കുന്നതായും ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങൾ വന്ന് പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നു.
രാത്രി പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കെള ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ സമിതി രൂപവത്കരിച്ച് മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറയുന്നു.