എറണാകുളം ജില്ല സ്കൂൾ കായികമേള; ഷിബി ടീച്ചർക്കും മക്കൾക്കും ഇത് വീട്ടുകാര്യം
text_fieldsകോതമംഗലം: കായികമേള വീട്ടുകാര്യമാക്കുകയാണ് ഷിബി ടീച്ചറും മക്കളും. കോതമംഗലം രാമല്ലൂർ കുഴുവേലിപ്പുറത്ത് ബെന്നി കെ. ജേക്കബിന്റെയും മാർബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപിക ഷിബി മാത്യുവിന്റെയും രണ്ടു മക്കളായിരുന്നു ജില്ല കായിക മേളയുടെ ഉദ്ഘാടന ദിനത്തിലെ താരങ്ങൾ.
സബ് ജൂനിയർ പെൺകുട്ടികളുടെ 600 മീറ്ററിൽ മാർബേസിലിലെ എട്ടാം ക്ലാസ് വിദ്യാർഥി അന്ന ബെന്നി സ്വർണം നേടി. തൊട്ടു പിന്നാലെ പ്ലസ് വൺ വിദ്യാർഥി സഹോദരൻ ബേസിൽ ബെന്നി ജേക്കബ് ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിലും സ്വർണം നേടി. ട്രാക്കിലെ ഗുരു കൂടിയായ അമ്മ ഷൈബി മാത്യു ഇരു വിജയങ്ങൾക്കും സാക്ഷി.
24 വർഷമായി മാർബേസിൽ സ്കൂളിലെ കായിക അധ്യാപികയാണു ഷൈബി. ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ഇരുവരും അമ്മക്കൊപ്പം ട്രാക്കിലിറങ്ങി. കോതമംഗലം ഉപജില്ലയിൽനിന്ന് വ്യക്തിഗത ചാമ്പ്യൻമാരായാണ് രണ്ടുപേരും ജില്ല മേളക്കെത്തിയത്.

