നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കൊന്നു
text_fieldsകോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപ്പാറയിൽ കാട്ടാനക്കൂട്ടം പശുവിനെ കൊലപ്പെടുത്തി. കോട്ടപ്പടി സ്വദേശി കല്ലാനിക്കൽ തോമസ് കുര്യാക്കോസിെൻറ പശുവിനെയാണ് കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച പുലർച്ച കോട്ടപ്പാറ വനത്തിൽനിന്ന് എത്തിയ ആനകൾ ജനവാസ മേഖലയിൽ പൈനാപ്പിൾ തോട്ടത്തിൽ തമ്പടിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ ആനകളെ അവിടെനിന്ന് തുരത്തിയിരുന്നു. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിെടയാണ് റബർ തോട്ടത്തിൽ കെട്ടിയ പശുവിനെ ആക്രമിച്ചത്. തോട്ടം സൂപ്രണ്ടായ തോമസിെൻറ പശുവിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്.
കഴുത്തിന് താഴെ ആഴത്തിൽ മുറിവുണ്ട്. ഇതുകൂടാതെ മറ്റ് നാല് പശുവുണ്ട്. കാട്ടാനശല്യം മൂലം തോമസും കുടുംബവും ഇവിടെനിന്ന് താമസം മാറിയിട്ട് കുറച്ചുനാളായിട്ടുള്ളൂ. എന്നും രാവിലെയെത്തി പശുക്കളെ തോട്ടത്തിൽ അഴിച്ചുവിട്ട് വൈകീട്ട് അവിടെതന്നെ കെട്ടിയിടുകയാണ് പതിവ്. 60,000 രൂപ വിലമതിക്കുന്ന ആറുമാസം ഗർഭിണിയായ പശുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ആർ.ഒ കെ.ആർ. അജയൻ, ഡോ. ഷറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഫെൻസിങ്ങിെൻറ പോരായ്മകൾ പരിഹരിക്കാനും പശുവിെൻറ ഉടമക്ക് നഷ്ടപരിഹാരം ലഭിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി പറഞ്ഞു. രണ്ട് മാസം മുമ്പ് കാട്ടാനക്കൂട്ടം മറ്റൊരാളുടെ പശുവിനെയും കുത്തിക്കൊന്നിരുന്നു.