വാർഡിനോട് അവഗണന: മുൻ പഞ്ചായത്ത് പ്രസിഡന്റ് കുത്തിയിരുന്ന് പ്രതിഷേധിച്ചു
text_fieldsപൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം സിസി ജെയ്സൺ
പഞ്ചായത്ത് ഓഫിസിനുള്ളിൽ കുത്തിയിരിക്കുന്നു
കോതമംഗലം: വികസന കാര്യങ്ങളിൽ തന്റെ വാർഡിനെ പഞ്ചായത്ത് പ്രസിഡന്റ് അവഗണിക്കുകയാണെന്ന് ആരോപിച്ച് പഞ്ചായത്തോഫിസിനുള്ളിൽ കുത്തിയിരിപ്പ് സമരവുമായി മുൻപഞ്ചായത്ത് പ്രസിഡന്റ്. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് അംഗവും മുൻ പ്രസിഡന്റുമായ സിസി ജെയ്സണാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ സിബിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തന്റെ വാർഡിൽ ലഭിക്കേണ്ട മെയിന്റനൻസ് ഗ്രാന്റ് ഉൾപ്പെടെയുള്ള ഫണ്ടുകൾ ഭരണസമിതി വക മാറ്റി എന്നാണ് സിസിയുടെ ആരോപണം.
കോൺഗ്രസ് വിമതയായി വിജയിച്ച സിസി ജെയ്സൺ യു.ഡി.എഫി ലെ ആറ് അംഗങ്ങളുടെ പിന്തുണയിൽ പ്രസിഡന്റ് ആയിരുന്നു. യു.ഡി.എഫ് സ്വന്തന്ത്ര അംഗമായി വിജയിച്ച നിസാർ മുഹമ്മദ് ഒരു വർഷം മുമ്പ് എൽ.ഡി.എഫിന് ഒപ്പം ചേർന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇവർ പുറത്താവുകയായിരുന്നു. നിസാർ മുഹമ്മദിന്റെ പിന്തുണയോടെ എൽ.ഡി.എഫിലെ ജനാധിപത്യ കേരള കോൺഗ്രസിലെ സീമ സിബി പ്രസിഡന്റാവുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് സീമ സിബി രാജി െവച്ച് പ്രസിഡൻ്റ് സ്ഥാനം സി.പി.എം അംഗത്തിന് നൽകണമെന്നായിരുന്നു എൽ.ഡി.എഫിലെ ധാരണ. എന്നാൽ, പലവട്ടം ചർച്ചകൾ നടന്നിട്ടും ഇതുവരെയും സീമ സിബി രാജിവെക്കാൻ തയാറാവാത്തതിനാൽ എൽ.ഡി.എഫിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. പൈങ്ങോട്ടൂരിൽ വീണ്ടും മുന്നണി മാറ്റങ്ങൾക്ക് അരങ്ങൊരുങ്ങുന്നതിന്റെ മുന്നോടി കൂടിയാണ് പ്രതിഷേധ സമരം.